ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാരോപിച്ചു കെജ്രിവാളിന് പൂട്ടിടാനാണ് ബിജെപി ഒരുങ്ങുന്നത്. ഇഡി കസ്റ്റഡിയിൽ കഴിയവേ കെജ്രിവാൾ പുറപ്പെടുവിച്ച ഇത്തരവ് വ്യാജമാണെന്നാണ് ബിജിപെ ആരോപിക്കുന്നത്. ഡൽഹിയിലെ ജലവിതരണം സുഗമമാക്കാൻ നിർദ്ദേശിച്ച് വകുപ്പുമന്ത്രി അതിഷിക്ക് നൽകിയ കത്ത് കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം.

ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി. ദേശീയ സെക്രട്ടറിയും ഡൽഹി മുൻ നിയമസഭാംഗവുമായ മജീന്ജർ സിങ് സർസ ആരോപിച്ചു. 'നേരത്തെ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ അരവിന്ദ് കെജ് രിവാൾ തന്നോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി അതിഷി അവകാശപ്പെട്ടു. ഡൽഹി സർക്കാർ ഇനി ഇ.ഡി. കസ്റ്റഡിയിൽനിന്ന് നിയന്ത്രിക്കപ്പെടുമെന്നും അവർ പറഞ്ഞു. ഇത് കെട്ടിച്ചമച്ച കത്താണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടു. നിലവിലത് ഭരണഘടനാവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്', മജീന്ദർ സിങ് സിർസ പറഞ്ഞു.

'മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ എങ്ങനെ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയും? ഇത് അധികാരദുർവിനിയോഗമാണ്. നിയമവിരുദ്ധമാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെടുകയാണ്', സിർസ കൂട്ടിച്ചേർത്തു.

ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മന്ത്രി അതിഷി കത്ത് പുറത്തുവിട്ടത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാൻ കത്തിൽ കെജ്രിവാൾ നിർദ്ദേശിച്ചെന്നും കെജ്രിവാൾ നൽകിയ നിർദ്ദേശങ്ങൾ വായിച്ചപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞെന്നും അതിഷി പറഞ്ഞു. ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ, തന്നെക്കുറിച്ച് ചിന്തിക്കാതെ ഡൽഹിയിലെ ജനങ്ങളെ കുറിച്ചാണ് കെജ്രിവാൾ ചിന്തിക്കുന്നത്. ഓരോ ഡൽഹിക്കാരനെയും തന്റെ കുടുംബത്തിലെ അംഗമായാണ് അദ്ദേഹം കണക്കാക്കുന്നത്. കസ്റ്റഡിയിലിരിക്കുമ്പോഴും ഡൽഹിയിലെ രണ്ടു കോടി ജനങ്ങളുള്ള തന്റെ കുടുംബത്തെക്കുറിച്ചാണ് അദ്ദേഹം 24 മണിക്കൂറും ആശങ്കപ്പെടുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

ഇതോടെ എത്രകാലം കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അടക്കം അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ജയിലിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായാൽ സുനിതെ കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതകൾ അടക്കം ചർച്ചയിലുണ്ട്. ഈ തീരുമാനത്തിൽ എല്ലാം നിർണായകമായി മാറുക കെജ്രിവാളിന്റെ വാക്കുകൾ തന്നെയാകും എന്ന് ഉറപ്പാണ്.