ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആറ് ദിവസത്തെ യുഎസ് പര്യടനത്തിലാണ്. സൻ ഫ്രാൻസിസ്‌കോയിൽ, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ, പതിവ് പോലെ ബിജെപിയെയും പ്രധാനമന്ത്രിയെയും ലക്ഷ്യമാക്കി രാഹുൽ ആഞ്ഞടിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച മൊഹബത്ത് കാ ദുക്കാൻ പരിപാടിയിലായിരുന്നു പരിഹാസം.

' ലോകം വളരെ വിശാലവും സങ്കീർണവുമാണ്...എല്ലാ കാര്യങ്ങളും ഒരാൾക്ക് അറിയുക സാധ്യമല്ല. ഇന്ത്യയിലാകട്ടെ ഒരുവിഭാഗം ആളുകൾക്ക് ഒരുരോഗമുണ്ട്, തങ്ങൾക്ക് എല്ലാമറിയാം എന്നവർക്ക് ഉറപ്പാണ്. ദൈവത്തേക്കാൾ നന്നായി കാര്യങ്ങൾ അറിയാമെന്ന് അവർ കരുതുന്നു. ദൈവത്തിന് ഒപ്പമിരുന്ന് അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ കഴിയും. നമ്മുടെ പ്രധാനമന്ത്രി തീർച്ചയായും അങ്ങനെ ഒരാളാണ്. ദൈവത്തിനൊപ്പം മോദിജി ഇരിക്കുകയാണെങ്കിൽ, പ്രപഞ്ചം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മറ്റും വിശദീകരിക്കും...അതോടെ ദൈവത്തിനാകെ താൻ സൃഷ്ടിച്ചതിനെ കുറിച്ച് സംശയമാകും', രാഹുൽ പറഞ്ഞു. ചരിത്രകാരന്മാർക്ക് ചരിത്രവും, ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രവും, സൈന്യത്തിന് യുദ്ധവും വിശദീകരിച്ച് കൊടുക്കാമെന്ന് അവർ കരുതുന്നു. അതിന്റെ അടിസ്ഥാനം തന്നെ നിലവാരമില്ലായ്മയാണ്. അവർ ആരെയും കേൾക്കാൻ തയ്യാറല്ല, രാഹുൽ സദസിനോട് പറഞ്ഞത് ഇങ്ങനെ.

ഭരണകക്ഷി രാഹുലിന്റെ പരാമർശങ്ങളോട് ശക്തമായാണ് പ്രതികരിച്ചത്. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി വിമർശിച്ചു.

''രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ ആത്മാവോ അല്ലെങ്കിൽ അൽ ഖായിദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തിൽ പ്രവേശിക്കും. ഇന്ത്യയിൽ തിരിച്ചെത്തി മികച്ച ബാധയൊഴിപ്പിക്കലുകാരനിൽ നിന്ന് അവയെ ഒഴിപ്പിച്ചുവിടണമെന്ന് നിർദ്ദേശിക്കുന്നു. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചത് ഇന്നും അംഗീകരിക്കാൻ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്‌നം. ജനാധിപത്യത്തെ രാഹുൽ ഗാന്ധി രാജാധികാരവുമായാണ് ഉപമിച്ചത്. ഇന്ത്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുൽ എടുത്തിരിക്കുന്നത്. കോൺഗ്രസ് മുസ്‌ലിംകളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചു'' നഖ്വി പറഞ്ഞു.

അതേസമയം, തന്റെ വിദേശ സന്ദർശനങ്ങളിൽ എല്ലാം രാഹുൽ ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തി.

' വിദേശ സന്ദർശനങ്ങളിൽ രാഹുൽ ഗാന്ധി ഇന്തയെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രിയെയാണ് അപമാനിക്കേണ്ടത്, എന്നാൽ അത് കലാശിക്കുന്നത് ഇന്ത്യയെ അപമാനിക്കുന്നതിലാണ്. ഇന്ത്യയുടെ പുരോഗതിയെ ചോദ്യം ചെയ്യുന്നതിലാണ്. ഇന്ത്യയുടെ വളർച്ചയെയും പുരോഗതിയെയും ലോകം മുഴവൻ അംഗീകരിക്കുമ്പോൾ, രാഹുൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനാണ് ശ്രമിക്കുന്നത്.

പ്രധാനമന്ത്രിയുടെ സമീപകാല വിദേശ സന്ദർശനത്തിൽ അദ്ദേഹം ഏകദേശം 24 പ്രധാനമന്ത്രിമാരുമായും പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തുകയും 50 ഓളം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മോദിയാണ് ഏറ്റവും ജനകീയ നേതാവെന്ന് നിരവധി ലോക നേതാക്കൾ പറയുന്ന. മോദിയാണ് ബോസ് എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞപ്പോൾ രാഹുലിന് അത് ദഹിച്ചില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.