- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭാരത്, ദേഖോ', രാഹുൽ ഗാന്ധി 'ഭാരത് ജോഡോ'യ്ക്ക് ധരിച്ചത് 41,000 രൂപയുടെ ടി ഷർട്ടെന്ന് ബിജെപി; സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രം പങ്കുവച്ച് വിമർശനം; യാത്രയ്ക്ക് ജനങ്ങളുടെ സ്വീകാര്യതയെ പേടിയാണോയെന്ന് കോൺഗ്രസ്; പ്രധാനമന്ത്രി പത്ത് ലക്ഷത്തിന്റെ കോട്ട് ധരിച്ചത് മറന്നോയെന്നും ചോദ്യം
ന്യൂഡൽഹി: 'ഭാരത് ജോഡോ' യാത്ര നയിക്കുന്ന വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ധരിച്ച ടിഷർട്ടിന്റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടിഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്.
'ഭാരത്, ദേഖോ' എന്നാണ് ചിത്രം പങ്കുവച്ച് ട്വിറ്ററിൽ ബിജെപി കുറിച്ചിരിക്കുന്നത്. ബർബറി എന്ന കമ്പനിയുടെ ടി-ഷർട്ടാണിത്. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തിൽ പറയുന്നു. ടീഷർട്ടിന്റെ ബ്രാൻഡ് നാമത്തെ കുറിച്ചോ വിലയെ കുറിച്ചോ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.
Bharat, dekho! pic.twitter.com/UzBy6LL1pH
- BJP (@BJP4India) September 9, 2022
ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് ബിജെപിയുടെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു. ''പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ...'' ബിജെപിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോൺഗ്രസ് ചോദിച്ചു.
अरे... घबरा गए क्या? भारत जोड़ो यात्रा में उमड़े जनसैलाब को देखकर।
- Congress (@INCIndia) September 9, 2022
मुद्दे की बात करो... बेरोजगारी और महंगाई पर बोलो।
बाकी कपड़ों पर चर्चा करनी है तो मोदी जी के 10 लाख के सूट और 1.5 लाख के चश्मे तक बात जाएगी।
बताओ करनी है? @BJP4India https://t.co/tha3pm9RYc
'സ്വർണ്ണ നൂലിൽ സ്വന്തം പേരെഴുതിയ 10 ലക്ഷത്തിന്റെ സ്യൂട്ട് ഇട്ട് നടക്കുന്നവർ ടീ ഷേർട്ടിന്റെ വിലയും പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഭാരത് ജോഡോ യാത്ര നിങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്ന് ബോധ്യമായി'. ഞങ്ങൾ ലക്ഷ്യം വെക്കുന്നതും അത് തന്നെയാണ്'. കെപിസിസി വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ ടി സിദ്ദിഖ് സാമൂഹ്യ മാധ്യമത്തിൽ പരിഹസിച്ചു
ഭാരത് ജോഡോ യാത്രയെ പേടിച്ചാണ് ബിജെപിയുടെ ആരോപണമെന്ന് ട്വിറ്ററിൽത്തന്നെ വിമർശനം ഉയരുന്നുണ്ട്. മാത്രമല്ല, ജനങ്ങളുടെ പണം ഉപയോഗിച്ചല്ല രാഹുൽ വസ്ത്രം വാങ്ങുന്നതെന്നും ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. 3570 കിലോമീറ്റർ ദൂരമാണ് ഭാരത് ജോഡോ യാത്രയിൽ രാഹുലും സംഘവും സഞ്ചരിക്കണ്ടത്. 150 ദിവസത്തിനുള്ളിൽ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.
കോൺഗ്രസ് അധ്യക്ഷനാകുമോ എന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാത്രമേ മറുപടി പറയൂവെന്നും രാഹുൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
''ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് അതിൽ വ്യക്തതയുണ്ട്. കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മറുപടി നൽകും. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ പ്രസിഡന്റാവണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരും. ദയവായി ആ ദിവസത്തിനായി കാത്തിരിക്കുക''- രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.