ന്യൂഡൽഹി: എഎപിയെ തകർക്കാനാണ് നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഘട്ടമായി ബിജെപി നേതാക്കളെ മോദി ആക്രമിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

"എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. ഇത്തരം പാർട്ടികളുടെ നാല് നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി ഇല്ലാതാകും. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. എന്നാൽ ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രി സ്വയം വിശ്വസിക്കുന്നത് എഎപിയാണ് രാജ്യത്തിന്റെ ഭാവിയെന്നാണ്." കേജ്രിവാൾ പറഞ്ഞു.

മോദിയെ ഏകാധിപതിയെന്നും കേജ്രിവാൾ വിശേഷിപ്പിച്ചു. "ജനാധിപത്യം ഇല്ലാതാക്കാനാണ് ഏകാധിപതിയായ മോദി ശ്രമിക്കുന്നത്. ഞാൻ ഏകാധിപത്യം ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ എന്നെക്കൊണ്ടു തനിയെ അതിനു സാധിക്കില്ല. ഏകാധിപതിയിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ പിന്തുണ ഞാൻ തേടുകയാണ്. രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീംകോടതി എനിക്ക് 21 ദിവസം നൽകിയിരിക്കുകയാണ്. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന് വേണ്ടിയുള്ളതാണ്.

മോദി അധികാരത്തിൽ വരികയാണെങ്കിൽ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്. പിണറായി വിജയൻ, ഉദ്ധവ് താക്കറെ എന്നിവർ ജയിലിലാകും. എൽ.കെ. അഡ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യോഗി ആദിത്യനാഥിനെ മോദി ഒതുക്കും. രണ്ടുമാസത്തിനുള്ളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി മാറും" കേജ്രിവാൾ പറഞ്ഞു.