- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദി കുടുംബമില്ലാത്തവൻ' എന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസം ഏറ്റുപിടിച്ച് ബിജെപി
ന്യൂഡൽഹി: അഞ്ച് വർഷം മുമ്പ് രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ചൗക്കിദാർ ചോർ ഹേ പരിഹാസം ബിജെപി തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. മേം ഭി ചൗക്കിദാർ എന്നായിരുന്നു പ്രചാരണം. മണിശങ്കർ അയ്യരുടെ ചായക്കാരൻ പരാമർശവും കോൺഗ്രസിന് ക്ഷീണമായി. ഇത്തവണ ബിജെപി തങ്ങൾക്ക് അനുകൂലമാക്കാൻ നോക്കുന്നത് പ്രധാനമന്ത്രി കുടുംബം ഇല്ലാത്തവനെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസമാണ്.
ബിജെപി നേതാക്കളെല്ലാം, തങ്ങളുടെ സോഷ്യൽ മീഡിയ ബയോകൾ മോദി കാ പരിവാർ എന്ന് മാറ്റി. മോദിയുടെ കുടുംബവാഴ്ച രാഷ്ട്രീയത്തിന് എതിരായ വിമർശനത്തിന് തിരിച്ചടിയായാണ് 'പ്രധാനമന്ത്രി മോദിക്ക് സ്വന്തമായി കുടുംബം ഇല്ലെങ്കിൽ ഞങ്ങൾക്ക് എന്തുചെയ്യാൻ ആകും' എന്ന് ലാലു പരാമർശിച്ചത്. 'മേരേ ഭാരത് മേരാ പരിവാർ' എന്നായിരുന്നു മോദിയുടെ ലാലുവിനുള്ള മറുപടി. പാറ്റ്‌നയിൽ നടന്ന റാലിയിലാണ് കുടുംബമില്ലാത്തവനെന്ന് ലാലു പ്രസാദ് യാദവ് പരിഹസിച്ചത്. ഇന്ത്യയാണ് തന്റെ കുടുംബമെന്നും, ഇന്ത്യക്കാർ കുടുംബാംഗങ്ങളാണെന്നും മോദി തിരിച്ചടിച്ചു.
തെലങ്കാനയിൽ നടന്ന റാലിയിലായിരുന്നു മോദിയുടെ മറുപടി. 'ഇന്ത്യയെന്ന കുടുംബമാണ് തന്റേത്. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവർ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ 'മോദിയുടെ കുടുംബം' പ്രചാരണവുമായി ബിജെപി കളത്തിലിറങ്ങി. അമിത് ഷാ, ജെ പി നദ്ദ, മറ്റുനേതാക്കൾ, മന്ത്രിമാർ എന്നിവരെല്ലാം പ്രധാനമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ബയോ 'മോദി കാ പരിവാർ' എന്ന് മാറ്റി.
ലാലു പ്രസാദ് യാദവിന് നേരേയും ബിജെപി ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. രാജ്യം മുഴുവൻ മോദിയുടെ കുടുംബമാണ് എന്നാണ് പ്രചാരണം. ' പ്രധാനമന്ത്രിയെ സംബന്ധിച്ച് രാജ്യം മുഴുവനും അദ്ദേഹത്തിന്റെ കുടുംബമാണ്. മോദി പ്രധാനമന്ത്രി ആയതുമുതൽ, അദ്ദേഹം ദീപാവലി, അതിർത്തിയിൽ സൈനികർക്കൊപ്പമാണ് ആഘോഷിക്കുന്നത്. അവരാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹം കുടുംബത്തെ വിട്ട് രാജ്യത്തിനായി സ്വയം സമർപ്പിച്ചപ്പോൾ, അദ്ദേഹം രാജ്യം മുഴുവനും തന്റെ കുടുംബമാണെന്ന് പ്രതിജ്്ഞ ചെയ്തു', ബിജെപി എം പി സുധാൻശു ത്രിവേദി പറഞ്ഞു.
പ്രതിരോധ കരാറുകളുടെ പേരിൽ ആരോപണം ഉന്നയിച്ചുകൊണ്ടാണ് 2019 ൽ രാഹുൽ മോദിക്കെതിരെ ചൗക്കിദാർ ചോർ ഹേ പ്രചാരണം അഴിച്ചുവിട്ടത്. മേം ഭി ചൗക്കിധാർ പ്രചാരണവുമായി തിരിച്ചടിച്ച ബിജെപി തിരഞ്ഞെടുപ്പിൽ തൂത്തുവാരുകയും ചെയ്തു. ഇത്തവണ ഇന്ത്യ സഖ്യത്തെ വിയർപ്പിക്കാൻ ബദൽ പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി.