ചണ്ഡിഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ, ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി. നായബ് സിങ് സൈനി സർക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിൻവലിച്ചു. സോംബിർ സങ്വാൻ, രൺധീർ ഗോലൻ, ധരംപാൽ ഗോണ്ടർ എന്നിവർ പിന്തുണ പിൻവലിച്ചുവെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാനും തീരുമാനിച്ചു.

രോഹ്ത്തക്കിൽ, ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെയും, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ഭാന്റെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കർഷകരുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളുടെ പേരിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ധരംപാൽ ഗോണ്ടർ പറഞ്ഞു.

നിലവിലെ ഹരിയാന നിയമസഭയുടെ(90 അംഗ) അംഗബലം 88 ആണ്. ബിജെപിക്ക് 40 അംഗങ്ങളുണ്ട്. ബിജെപി സർക്കാരിന് നേരത്തെ ജെജെപി എംഎൽഎമാരുടെയും,സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നു. ജെജെപിയെ കൂടാതെ സ്വതന്ത്രരും ഇപ്പോൾ പിന്തുണ പിൻവലിച്ചിരിക്കുകയാണ്, ഉദയ് ഭാൻ പറഞ്ഞു.

നയാബ് സിങ് സൈനി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും, അദ്ദേഹത്തിന് ഒരു മിനിറ്റ് പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും, ഉടൻ രാജി വയ്ക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും ഉഡായ് ഭാൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ പിന്തുണക്കുന്ന എംഎൽഎമാരുടെ എണ്ണം 34 ആയി. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷവും നഷ്ടമായി. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കിൽ സർക്കാരിന് ഭരണത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക.അതിനാൽ തന്നെ ഇനിയുള്ള നീക്കവും ബിജെപി സർക്കാരിന് നിർണായകമായിരിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപ് തരംഗം വ്യക്തമായെന്ന് കോൺഗ്രസ് എക്‌സിൽ കുറിച്ചു. പിന്തുണ പിൻവലിച്ച സ്വതന്ത്ര എംഎൽഎമാരെ കോൺഗ്രസ് സ്വാഗതം ചെയ്തു. സർക്കാരിനെ ഹരിയാനയിലെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.

അതേസമയം, ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി ആരോപിച്ചു. നിറവേറ്റുന്നത് ചിലരുടെ ആഗ്രഹങ്ങൾ മാത്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹരിയാനയിലെ സാഹചര്യം ബിജെപിക്ക് എതിരാണെന്നും മാറ്റം അനിവാര്യമാണെന്നും ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. ' ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 48 എംഎൽഎമാരുടെ പട്ടിക നൽകിയതിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതാനും എംഎൽഎമാർ രാജി വച്ചുകഴിഞ്ഞു. ചില സ്വതന്ത്ര എംഎൽഎമാരും ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു', ഹൂഡ പറഞ്ഞു.