- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്
കൊൽക്കത്ത: സന്ദേശ്ഖലിയിലെ പീഡന വിവരം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ പ്രചരണ വിഷയമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. അതിന് വേണ്ടി പ്രധാനമന്ത്രി മോദിയെ അടക്കം ബിജെപി സ്ഥലത്ത് എത്തിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ ബിജെപിക്ക് തിരിച്ചടിയാിയ ബംഗാളിലെ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ് നടത്തിയ സംഭവം.
ബിജെപി നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച സെക്സ് റാക്കറ്റിനെ പൊലീസ് പിടികൂടി. ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ആറ് ഇരകളെ ഹോട്ടലിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. കിസാന്മോർച്ച നേതാവാണ് സബ്യസാചി ഘോഷ്.
അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സന്ദേശ്ഖലി വിവാദത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി വിമർശനം ശക്തമാക്കുന്നതിനിടെയാണ് അവരുടെ നേതാവ് തന്നെ സെക്സ് റാക്കറ്റ് നടത്തിയതിന് പിടിയിലാവുന്നത്.
ബിജെപിയുടെ വനിത നേതാക്കൾ പശ്ചിമബംഗാൾ സർക്കാറിനുമേൽ വിഷയത്തിൽ കൂടുതൽ സമ്മർദം ചെലുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രദേശത്തേക്ക് പ്രതിപക്ഷ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് സന്ദർശനാനുമതി നിഷേധിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടെയിലാണ് ബിജെപിക്ക് കുരുക്കായി പുതിയ വിവാദം.
അതേസമയം അടുത്തമാസം ആറിന് നോർത്ത് പർഗനാസിലെ സന്ദേശ്ഖലിയിൽ പ്രധാനമന്ത്രി മോദി എത്തും. ഇവിടെ കൂട്ടബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെയും അദ്ദേഹം സന്ദർശിക്കുമെന്ന് ബിജെപി ബംഗാൾ സംസ്ഥാന സുകന്ദ മജുംദാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബരാസത്തിൽ ബിജെപി വനിതാ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇവിടെ നിന്നും അദ്ദേഹം സന്ദേശ് ഖാലിയിൽ എത്തുമെന്നാണ് ബിജെപി നേതാവ് വ്യക്തമാക്കിയത്.
സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മീഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖാലിയിലെത്തുന്നത്. സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പൊലീസിനോട് തേടുകയും ചെയ്യും. മോദിയുടെ സന്ദർശനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഈ വിഷയം ആയുധമാക്കാനാണ് ഒരുങ്ങുന്നത്. മമത ബാനർജിയെ കടന്നാക്രമിക്കാനുള്ള അവസരമായാണ് ബിജെപി സന്ദേശ്ഖലി വിഷയത്തെ കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥലം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
സന്ദേശ്ഖാലിയിൽ നടക്കുന്ന അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് സന്ദേശ്ഖാലി സന്ദർശിക്കാനായി കമ്മീഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. സന്ദേശ്ഖാലി വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ അഴിഞ്ഞാട്ടമാണ് ബംഗാളിന്റെ ഉൾഗ്രാമമായ 24 പർഗാനയിൽ നടക്കുന്നത്. അടുത്തിടെ ഒരു 13കാരിയെ ഈ ഗുണ്ടകൾ കൂട്ടബലാത്സംഗം ചെയ്തുകൊന്നതോടെ കാര്യങ്ങൾ പിടിവിട്ടു. ദലിതരും, ആദിവാസികളുമായ പാവങ്ങളായ അമ്മമാർ സഹികെട്ടതോടെ വടിയും പന്തുവുമായി തെരുവിലിറങ്ങിയിരിക്കയാണ്. ഗവർണ്ണർ സി വി ആനന്ദബോസ് റിപ്പോർട്ട് തേടിയിട്ടും സംഘർഷങ്ങൾക്ക് ശമനമില്ല. ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ ഗുണ്ടയെ പിടികൂടാതെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ് അമ്മമാരുടെ നിലപാട്. എന്നാൽ മമത സർക്കാരാവട്ടെ, തൃണമൂൽ അക്രമികൾക്ക് നിർലോഭമായ പിന്തുണയാണ് കൊടുക്കുന്നത്.
തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ഇപ്പോൾ ഒളിവിലാണ്. റേഷൻ കുംഭകോണത്തിൽ പെട്ട ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കഴിഞ്ഞ മാസം റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ഗുണ്ടകളെയും കൂടി ആക്രമിച്ച കേസിലാണ് ഷാജഹാനും കൂട്ടാളികളും ഒളിവിൽ പോയത്. ഹിന്ദു സ്ത്രീകളുടെ പ്രക്ഷോഭം ശക്തമായതോടെ പൊലീസിന് ഷാജഹാന്റെ കൂട്ടാളിയായ തൃണമൂലിന്റെ ലോക്കൽ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട്, സന്ദേശ്ഖാലിയിലെ ആദിവാസികളും ദളിതരുമായ സ്ത്രീകൾ ഇപ്പോഴും സമരത്തിലാണ്. ദേശീയ തലത്തിൽ ഈ വാർത്ത കഴിഞ്ഞ രണ്ടാഴ്ച്ചയായി നിറഞ്ഞു നിൽക്കുന്നുമുണ്ട്. പക്ഷേ കേരളത്തിലടക്കം ഈ വാർത്ത വലിയ ചർച്ചയായിട്ടില്ല.