- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്യത്യമായ തയ്യാറെടുപ്പോടെ മുന്നേറുന്നതിൽ, ബിജെപിയെ വെല്ലാൻ ആരുമില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ പക്വതയോടെ കണ്ട് മുഖ്യമന്ത്രിമാരെ തീരുമാനിക്കും. മൂന്നു സംസ്ഥാനങ്ങളിലും, പുതുമ കൊണ്ടുവരാൻ പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരായി നിയോഗിക്കാനാണ് തീരുമാനം.
മധ്യപ്രദേശിൽ ശിവ് രാജ് സിങ് ചൗഹാൻ, രാജസ്ഥാനിൽ വസുന്ധര രാജെ, ഛത്തീസ്‌ഗഡിൽ രമൺ സിങ് എന്നീ മുതിർന്ന നേതാക്കൾ വീണ്ടും തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോൾ ഒരുതലമുറ മാറ്റം പ്രതീക്ഷിക്കാമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. മൂന്നു സംസ്ഥാനങ്ങളിലെയും ഭാവി പരിപാടികൾ പാർട്ടി കേന്ദ്ര നേതൃത്വം കൂടിയാലോചിച്ചുവരികയാണ്.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗം നാലര മണിക്കൂറോളം നീണ്ടുനിന്നു. യോഗത്തിൽ, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരും പങ്കെടുത്തു. സംസ്ഥാന നേതാക്കളുടെ അഭിപ്രായം കൂടി കേട്ടശേഷമായിരുന്നു ഇന്നലത്തെ യോഗം.
ഈ മൂന്നുസംസ്ഥാനങ്ങളിലും ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ നിയോഗിച്ചേക്കും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ, ഈ നിരീക്ഷകർ മേൽനോട്ടം വഹിക്കും. മധ്യപ്രദേശിൽ, ശിവരാജ് സിങ് സിങ് തന്നെയാണ് മുൻപന്തിയിലുള്ളത്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, മുതിർന്ന നേതാവ് കൈലാഷ് വിജയവർഗ്ഗീയ എന്നിവരും പരിഗണനയിൽ ഉണ്ട്.
നാലുതവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിൽ ലാഡ്‌ലി ബെഹ്ന അടക്കം മികച്ച പദ്ധതികളുടെ പിൻബലത്തോടെയാണ് വീണ്ടും ചരിത്ര വിജയം കുറിച്ചത്. കേന്ദ്രനേതൃത്വം തലമുറ മാറ്റത്തിന് ഒരുങ്ങുന്നുവെന്നതിന്റെ പശ്ചാത്തലത്തിൽ, സൗമ്യമായി തന്റെ ആഗ്രഹം വെളിപ്പെടുത്താനുള്ള അവസരവും ചൗഹാൻ പാഴാക്കുന്നില്ല,.
അംബേദ്കറിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ബിജെപി സർക്കാർ അംബേദ്കറിന്റെ പാതയാണ് പിന്തുടരുന്നതെന്നും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ സമൂഹത്തിലെ ഏറ്റവും അവസാനത്തെ ആളുടെയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്നനും ചൗഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ വലിയ പങ്കുവഹിച്ച ലാഡ്‌ലി ബെഹ്ന അടക്കം ജനക്ഷേമ പദ്ധതികളെ കുറിച്ച് പാർട്ടി നേതൃത്വത്തെ പരോക്ഷമായി ഓർമിപ്പിക്കുകയാണ് ചൗഹാനെന്നും പറയുന്നവരുണ്ട്. താൻ പാർട്ടിയുടെ ഒരുകാലാളാണെന്നും മത്സരത്തിന് ഇല്ലെന്നും ചൗഹാൻ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും, മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എന്നാണ് വാക്കുകളിലെ സൂചന. ലോബിയിങ്ങിനായി ഡൽഹിക്ക് പോകാനും അദ്ദേഹം തയ്യാറായില്ല.
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധരയെ കൂടാതെ ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അർജുൻ റാം മേഘ്വാൾ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി പി ജോഷി, പ്രമുഖ നേതാക്കളായ ദിയാ കുമാരി, മഹന്ത് ബാലക്‌നാഥ് എന്നിവരുടെ പേരും പരിഗണിക്കുന്നു. ഛത്തീസ്‌ഗഢിൽ രമൺസിങിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ കുമാർ, മുൻ പ്രതിപക്ഷ നേതാവ് ധർമലാൽ കൗശിക്, മുൻ ഐഎഎസ് ഓഫീസർ ഒപി ചൗധരി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു.
എന്തായാലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ, ബിജെപി നേതൃത്വം പതിവു പോലെ ചില അദ്ഭുതങ്ങൾ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന.
അതിനിടെ, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച പത്ത് ബിജെപി. പാർലമെന്റ് അംഗങ്ങൾ രാജിവെച്ചു. ലോക് സഭയിൽ നിന്നുള്ള ഒൻപത് എംപിമാരും, രാജ്യസഭയിൽ നിന്നുള്ള ഒരു എംപിയുമാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് കേന്ദ്ര മന്ത്രിമാർ അടക്കമുള്ള എംപിമാരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടേയും നിർദേശപ്രകാരം സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് എംപിമാർ രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും എംപിമാരെ അനുഗമിച്ചു.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ എന്നിവരും മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്‌ഗഡിൽ നിന്നുള്ള അരുൺ സാവോ, ഗോംതി സായ് എന്നിവർ സ്പീക്കർ ഓം ബിർളയ്ക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാ എംപി. കിറോരി ലാൽ മീണ രാജയ്സഭാ ചെയർമാന് രാജിക്കത്ത് സമർപ്പിച്ചു.
പന്ത്രണ്ട് ബിജെപി. എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. ലോക് സഭാ എംപിമാരായ ബാബാ ബാലക്നാഥ്, രേണുക സിങ് എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. വൈകാതെ തന്നെ ഇവരും രാജിക്കത്ത് സമർപ്പിക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര തോമറും പ്രഹ്ലാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും
മറുനാടന് മലയാളി ബ്യൂറോ