- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുപാർട്ടികളിലെ നേതാക്കളെയും എംപിമാരെയും അടർത്തി മാറ്റാൻ ബിജെപി
ന്യൂഡൽഹി: എല്ലാത്തരത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുമ്പോൾ, കിട്ടാവുന്ന ഒരവസരവും വെറുതെ കളയാനില്ല പാർട്ടിക്ക്. 543 ലോക്‌സഭാ സീറ്റുകളിൽ, 400 സീറ്റുകളിൽ ജയിച്ചുകയറുക എന്നതാണ് ബിജെപിയുടെ വലിയ ലക്ഷ്യം. അതിന് വേണ്ടി എല്ലാ മാർഗ്ഗങ്ങളും തേടുകയാണ്. ഇതിനുള്ള ഒരുമാർഗ്ഗം മറ്റുപാർട്ടികളിൽ നിന്നും നേതാക്കളെ അടർത്തി മാറ്റി ബിജെപിയിലേക്ക് കൊണ്ടുവരികയാണ്. എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച ചേർന്ന തന്ത്രപ്രധാന യോഗത്തിൽ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ വിവിധ ജനറൽ സെക്രട്ടറിമാർക്ക് വ്യത്യസ്ത ചുമതലകൾ നൽകി. മറ്റുപാർട്ടി നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിന്റെ ചുമതല ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേക്കാണ്.
മറ്റുപാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന സ്വാധീനമുള്ള നേതാക്കളുടെയും എംപിമാരുടെയും സാധ്യതാ പട്ടിക ഈ കമ്മിറ്റി തയ്യാറാക്കും. നേതാവിന്റെയോ, എംപിയുടെയോ മണ്ഡലത്തിലെ സ്വാധീനശേഷി കണക്കിലെടുത്തായിരിക്കും, ബിജെപിയിലേക്ക് ക്ഷണം നൽകുക. അതല്ലെങ്കിൽ നേതാവിന്റെ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷി നോക്കിയും ക്ഷണം വരാം. തങ്ങളുടെ സ്ഥാനാർത്ഥി ജയിക്കാൻ സാധ്യതയില്ലെന്ന് ബിജെപി വിലയിരുത്തുന്ന സീറ്റിലായിരിക്കും ഈ സാധ്യത കൂടുതലായി ആരായുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, പലവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട 160 സീറ്റുകളിൽ ശ്രദ്ധയൂന്നൂക എന്ന ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് പുതിയ തീരുമാനം. 1984 ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ, കോൺഗ്രസ് മാത്രമാണ് 400 സീറ്റ് കടന്ന ഒറ്റകക്ഷി. 414 സീറ്റാണ് അന്ന് കോൺഗ്രസ് നേടിയത്. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരും വരെ സ്വന്തമായി ഒരു കക്ഷി ഭൂരിപക്ഷം നേടിയതും ആ തിരഞ്ഞെടുപ്പിലായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദർശന രേഖ തയ്യാറാക്കാനുള്ള ചുമതല പാർട്ടി ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാളിനാണ്. തിരഞ്ഞെടുപ്പ് പ്രചാരണം, പബ്ലിസിറ്റി തുടങ്ങിയ ജോലികൾ സുനിൽ ബൻസാലും മറ്റുജനറൽ സെക്രട്ടറിമാരും നോക്കും. ദുഷ്യന്ത് ഗൗതം രാജ്യത്തെമ്പാടുമുള്ള ബുദ്ധമതക്കാരുടെ യോഗം വിളിച്ചുചേർത്ത് മേദി സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കും.
പാർട്ടി ജനറൽ സെക്രട്ടറിമാരും, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, അശ്വിന് വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ, എന്നിവരാണ് നഡ്ഡ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.