ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 100 സ്ഥാനാർത്ഥികളെ ബിജെപി ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്ന് സൂചന. 70 വയസ്സു കഴിഞ്ഞവരെ പരമാവധി ഒഴിവാക്കും. കേന്ദ്രമന്ത്രിസഭയിലെ പ്രധാനിയായ രാജ് നാഥ് സിംഗിന് വയസ് 72 ആയി. പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗിനെ മത്സരിക്കുന്നതിൽ നിന്നും മാറ്റി നിർത്തുമോ എന്ന ചർച്ചയും തുടങ്ങി കഴിഞ്ഞു. 70 വയസ് എന്ന പ്രായപരിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇളവ് നൽകും. എന്നാൽ രാജ്‌നാഥ് സിംഗിന് ഈ ആനുകൂല്യം കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഒന്നാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു രാജ്‌നാഥ് സിങ്. രണ്ടാം മന്ത്രിസഭയിൽ പ്രതിരോധവും. ബിജെപിയുടെ കേന്ദ്ര സർക്കാർ അധികാരത്തിലേക്ക് എത്തുമ്പോൾ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു രാജ്‌നാഥ്. പിന്നീട് ആ പദവി അമിത് ഷായ്ക്ക് നൽകി. ഇതോടെ പാർട്ടിയിൽ അമിത് ഷാ കുരത്തനായി. രണ്ടാം മോദി സർക്കാരിൽ ആഭ്യന്തരം അമിത് ഷായ്ക്കായി. ഈ സാഹചര്യത്തിൽ അമിത് ഷായുടെ പ്രാധാന്യം കൂടുതൽ ഉയർത്താൻ രാജ്‌നാഥിനെ മത്സര രംഗത്ത് നിന്നും മാറ്റുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ തൃശൂരിൽ സൂരേഷ് ഗോപിയേയും സ്ഥാനാർത്ഥിയായി ആദ്യ ഘട്ടത്തിൽ തന്നെ പ്രഖ്യാപിച്ചേക്കും.

543-ൽ 400 സീറ്റിലും വിജയിക്കുക എന്ന ബൃഹത്തായ ലക്ഷ്യം മുന്നിൽക്കണ്ട് വൻ പദ്ധതികളുമായി ബിജെപി സജീവമാണ്. മറ്റ് പാർട്ടികളിലെ നേതാക്കളെയും എംപിമാരെയും സ്വന്തം പാളയത്തിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ അടവും പയറ്റാനാണ് നീക്കമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന സുപ്രധാന യോഗത്തിൽ ബിജെപി. അധ്യക്ഷൻ ജെ.പി. നദ്ദ പാർട്ടി ജനറൽ സെക്രട്ടറിമാർക്ക് ഇതടക്കമുള്ള ചുമതലകൾ നൽകിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബിജെപി. ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെക്കാണ് ജോയിനിങ് കമ്മറ്റിയുടെ ചുമതല എന്നാണ് പുറത്തുവരുന്ന വിവരം. മറ്റുപാർട്ടികളിൽനിന്ന് സ്വാധീനമുള്ള നേതാക്കളെയും സിറ്റിങ് എംപിമാരെയും ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഈ സമിതി പരിശോധിക്കും. മണ്ഡലത്തിലെ വ്യക്തിയുടെ സ്വാധീനവും വിജയ സാധ്യതയും അടിസ്ഥാനമാക്കി ആയിരിക്കും തീരുമാനം. ഈ സാഹചര്യത്തിലാണ് 70 വയസ്സ് മാർഗ്ഗ രേഖയടക്കം ബിജെപി കൊണ്ടു വരുന്നത്. നിലവിൽ 75 വയസ്സ് കഴിഞ്ഞവരെ മോദി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല.

പാർട്ടിക്ക് വിജയിക്കാൻ കഴിവുള്ള ഒരു സ്ഥാനാർത്ഥി ഇല്ലെന്ന് തോന്നുന്ന സീറ്റുകളിൽ മറ്റ് പാർട്ടിക്കാരെ കണ്ടെത്തി മത്സരിപ്പിക്കുന്ന മാർഗം ഉപയോഗിക്കാനാണ് ആലോചനയെന്ന് പാർട്ടി നേതാവ് വ്യക്തമാക്കിയതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നഷ്ടപ്പെട്ട 160 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ തീരുമാനം. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മാർഗരേഖ തയ്യാറാക്കാനുള്ള ചുമതല പാർട്ടി ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാളിനാണ്. കേരളത്തിലെ സഹപ്രഭാരി കൂടിയാണ് രാധാമോഹൻ ദാസ്.

തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റ് അനുബന്ധ ജോലികളും സുനിൽ ബൻസാലും മറ്റ് ജനറൽ സെക്രട്ടറിമാരും നിർവഹിക്കും. ദുഷ്യന്ത് ഗൗതം രാജ്യത്തുടനീളമുള്ള ബുദ്ധമതക്കാരുടെ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും നരേന്ദ്ര മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്യും. പാർട്ടി ജനറൽ സെക്രട്ടറിമാരും കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ എന്നിവരുമായും ബിജെപി. അധ്യക്ഷൻ ജെ.പി. നദ്ദ കൂടിക്കാഴ്ച നടത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടൻ പുറത്തുവിടുമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്. ആഴ്ചകൾക്കുള്ളിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാർട്ടി കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനത്തിലൂടെ ലഭിച്ച മുൻതൂക്കം തിരഞ്ഞെടുപ്പിൽ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.