ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി-ടിഡിപി സഖ്യം തൂത്തുവാരുമെന്ന് ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പും നടക്കൂമെന്നാണ് പ്രതീക്ഷ. ആന്ധ്രയിൽ തെലുങ്കു ദേശം പാർട്ടിയും, ജന സേന പാർട്ടിയുമായും ബിജെപി ധാരണയിലെത്തി.

' ആന്ധ്രപ്രദേശിനെ വളരെ മോശമായി തകർത്തിരിക്കുകയാണ്. ബിജെപിയും ടിഡിപിയും ഒന്നിക്കുന്നത് രാജ്യത്തിനും, സംസ്ഥാനത്തിനും നേട്ടമാണ്, നായിഡു പറഞ്ഞു. രണ്ട് ദിവസത്തെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയിലെത്തിയത്. ടിഡിപി പ്രസിഡന്റ് എൻ. ചന്ദ്രബാബു നായിഡുവും ജനസേന പാർട്ടി മേധാവി പവൻ കല്യാണും ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടത്തിയ ചർച്ചയിലാണ് അന്തിമ സീറ്റ് ധാരണയായത്.

സഖ്യ തീരുമാനത്തെ,ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ സ്വാഗതം ചെയ്തു. 25 ലോക്‌സഭാ സീറ്റിൽ 10 എണ്ണത്തിൽ മത്സരിക്കണമെന്നാണ് ബിജെപി ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. തങ്ങളാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന കാര്യം ടിഡിപി ചർച്ചയിൽ മറുപടിയായി പറഞ്ഞു.

ടിഡിപി 17 ലോക്‌സഭാ സീറ്റിലും ബിജെപി ആറു സീറ്റിലും പവൻ കല്യാണിന്റെ ജനസേന പാർട്ടി രണ്ടുസീറ്റിലും മത്സരിക്കാമെന്ന ഫോർമുലയ്ക്കാണ് അംഗീകാരമായത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കുക എന്ന കാര്യത്തിൽ ബിജെപി സംഘം ആന്ധ്ര സന്ദർശിച്ച ശേഷം തീരുമാനമാകും.

മാറുന്ന സമവാക്യങ്ങൾ

2018 വരെ ടിഡിപി, എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാനത്തിന് നൽകുന്ന സാമ്പത്തിക സഹായം പോരെന്ന പേരിൽ, അന്ന് മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രബാബു നായിഡു സഖ്യം വിട്ടു. എന്നാൽ, 2019 ൽ ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയോട് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ടിഡിപിത്ത് ഇത്തവണ ബിജെപി സഖ്യം നിർണായകമായിരുന്നു.

വൈഎസ്ആർ കോൺഗ്രസ് 25 ലോക്‌സഭാ സീറ്റിൽ 22 ലും, 175 നിയമസഭാ മണ്ഡലങ്ങളിൽ 151 ലും ജയിച്ചിരുന്നു. ടിഡിപിയാകട്ടെ, മൂന്നുലോക്‌സഭാ സീറ്റിലും 23 നിയമസഭാ സീറ്റിലും മാത്രമാണ് ജയിച്ചുകയറിയത്. രാജ്യസഭയിലും മറ്റും ബില്ലുകൾ പാസാക്കുന്നതിന് സൗഹൃദ കക്ഷിയായി പ്രവർത്തിച്ചിരുന്ന വൈഎസ്ആർ കോൺഗ്രസുമായി ടിഡിപി സഖ്യത്തോടെ ബിജെപി അകലുകയാണ്.