- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 എന്ന മാജിക് നമ്പർ കടക്കാൻ ഒരുമുഴം മുമ്പേ എറിയാൻ ബിജെപി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനിരിക്കെ, 100 പേരടങ്ങുന്ന ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക വ്യാഴാഴ്ച പുറത്തുവിടുമെന്ന് സൂചന. ആദ്യപട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത്ഷായും ഉൾപ്പെടുമെന്നാണ് വിവരം.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഫെബ്രുവരി 29 ന് ചേരാനാണ് സാധ്യത. 543 ലോക്സഭാ സീറ്റിൽ ബിജെപി 370 സീറ്റുകളും, എൻഡിഎ 400 സീറ്റുകളും ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ആദ്യ സ്ഥാനാർത്ഥി പട്ടിക നിർണായകമാണ്.
രണ്ടുതവണ മത്സരിച്ച് ജയിച്ച മണ്ഡലമായ വാരാണസിയിൽ നിന്നുതന്നെയാകും നരേന്ദ്ര മോദി മത്സരിക്കുക. 2014 ൽ 3.37 ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിന് ജയിച്ച മോദി, 2019 ൽ അത് 4.8 ലക്ഷമായി ഉയർത്തി. എൽ കെ അദ്വാനിയുടെ സീറ്റായിരുന്ന ഗാന്ധിനഗറിൽ നിന്നാണ് അമിത് ഷാ 2019 ൽ മത്സരിച്ച് ജയിച്ചത്.
അതേസമയം, യുപി അടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ബിജെപി ശനിയാഴ്ച നിരവധി യോഗങ്ങൾ ചേർന്നു. യുപിയുമായി ബന്ധപ്പെട്ട യോഗത്തിൽ, അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പാഠക്, മന്ത്രി ധരംപാൽ സിങ് എന്നിവർ പങ്കെടുത്തു. 2019 ലെ തിരഞ്ഞെടുപ്പിൽ, ബിജെപി യുപിയിലെ 80 ൽ 62 സീറ്റ് നേടിയിരുന്നു.
പശ്ചിമ ബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുായി ബന്ധപ്പെട്ട ആലോചനാ യോഗങ്ങളും ചേരുന്നുണ്ട്. ബിജെപി ദുർബലമായ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ബിജെപിക്ക് 370-ഉം എൻഡിഎയ്ക്ക് 400-ഉം സീറ്റുകൾ ലഭിക്കുമെന്ന് നേരത്തേ ഈ മാസം ആദ്യം ലോക്സഭയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നും പ്രധാനമന്ത്രി അന്ന് പരിഹസിച്ചിരുന്നു. കഴിഞ്ഞാഴ്ച പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യവേ, അടുത്ത 100 ദിവസം നിർണായകമാണെന്ന് മോദി ഓർമിപ്പിച്ചിരുന്നു. മൂന്നാം വട്ടം താൻ മത്സരിക്കുന്നത് അധികാരത്തിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ അല്ലെന്നും, രാഷ്ട്രത്തെ സേവിക്കാനാണെന്നും മോദി പറഞ്ഞിരുന്നു.
സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചെന്ന് കെ സുരേന്ദ്രൻ
ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി സാധ്യത പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ച നടന്നു. ഘടക കക്ഷികൾക്ക് വിട്ടുകൊടുക്കുന്ന സീറ്റുകളെ സംബന്ധിച്ച വിവരങ്ങളും അഭിപ്രായങ്ങളും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ആരൊക്കെ മത്സരിക്കും എന്നതിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ട്വിന്റി 20 യുമായുള്ള സഖ്യം ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങൾ പറയുന്നതിന് മറുപടി നൽകേണ്ടതില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.