റായ്പൂർ: ചത്തീസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെയും കോൺഗ്രസിനെയും വിമർശിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാഗലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. വാഗ്ദാനം ചെയ്ത മദ്യനിരോധനം നടത്താതെ കോൺഗ്രസ് ഛത്തീസ്‌ഗഡിലെ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊണ്ടഗാവ് അസംബ്ലി നിയോജക മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

'ഞാൻ ആശ്ചര്യപ്പെടുന്നു. അധികാരം ഉറപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ ഇനി ദുബായിലെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. റിമോട്ട് ഇറ്റലിയിൽ നിന്നാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ദുബായിലും റിമോട്ട് ഉള്ളതായി മനസ്സിലായി'- സ്മൃതി ഇറാനി പറഞ്ഞു.

മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിയുമായി ബന്ധപ്പെട്ട പണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ അറസ്റ്റ് ചെയ്ത ആളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും വീടുവീടാന്തരം കയറിയിറങ്ങി കോൺഗ്രസ് സ്ത്രീകൾക്ക് വാഗ്ദാനം നൽകിയിരുന്നുവെന്നും സംസ്ഥാനത്തെ നിരപരാധികളായ സ്ത്രീകൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. മദ്യനിരോധനത്തിന് പകരം മദ്യം കുംഭകോണം നടത്തി 2000 കോടി രൂപയാണ് കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫോറൻസിക് വിശകലനവും ഒരു 'ക്യാഷ് കൊറിയർ' നടത്തിയ പ്രസ്താവനയുമാണ് മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി രൂപ നൽകിയെന്ന ആരോപണത്തിന് കാരണമായതെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു. ഒരു അന്വേഷണവും നടത്താതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും അവരുമായി ബന്ധമുള്ളതുകൊണ്ടാണെന്നും ഭൂപേഷ് ഭാഗേൽ നേരത്തെ പറഞ്ഞിരുന്നു.

ബാഗേലിനെതിരേ ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെളിപ്പെടുത്തലുമായി ആപ്പ് ഉടമ ശുഭം സോണി രംഗത്തെത്തിയിരുന്നു. ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താൻ ദുബായിലേക്ക് പോയതെന്ന് ശുഭം സോണി പറഞ്ഞു. സ്വയം ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോയിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന പ്രതിയാണ് ശുഭം സോണി. ഇപ്പോൾ പുറത്തുവന്ന വീഡിയോ ഇയാൾ ദുബായിൽ നിന്നാണ് ചിത്രീകരിച്ചതെന്നാണ് സൂചന.

അടുത്തിടെ അസിം ദാസ് എന്നയാളിൽ നിന്ന് ഇ.ഡി. 5.39 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഭൂപേഷ് ബാഗേലിനുവേണ്ടി ശുഭം സോണി ദുബായിൽനിന്ന് അയച്ച പണമാണ് ഇതെന്നാണ് ഇ.ഡി. പറയുന്നത്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ചില ബിനാമി ബാങ്ക് അക്കൗണ്ടുകൾ അടുത്തിടെ മരവിപ്പിച്ചിരുന്നു. 15.59 കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉള്ളത്.

അസിം ദാസിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ ഫോണും ശുഭം സോണി അയച്ച ഇ-മെയിലും പരിശോധിച്ചതിൽ നിന്നും ഭൂപേഷ് ബാഗേലിന് പതിവായി പണം നൽകാറുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയതായാണ് വിവരം. ഇത്തരത്തിൽ ഇതുവരെ 508 കോടി രൂപ കൈമാറിയെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.

അതിനിടെ ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് മഹാദേവ് ആപ്പിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. മഹാദേവ് അടക്കം 22 ആപ്പുകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇഡിയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടിയെന്ന് ഐ ടി മന്ത്രാലയം അറിയിച്ചു. ഛത്തീസ്ഘഢിലടക്കം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ.

ഓൺലൈൻ ബെറ്റിങ് ആപ്പാണ് മഹാദേവ്. ഓൺലൈൻ ബെറ്റിങ്ങിന് ഇന്ത്യയിൽ നിരോധനമുള്ളതിനാൽ ദുബായ് വഴിയാണ് ഇവരുടെ ഓപ്പറേഷൻ. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നവരാണ് 2016 -ൽ ദുബായിൽ മഹാദേവ് ആപ്പ് എന്ന പേരിൽ ഓൺലൈൻ വാതുവെപ്പ് സ്ഥാപനം തുടങ്ങിയത്. 2020 ൽ കോവിഡ് കാലത്ത് ജനം ഓൺലൈനിലേക്ക് ഒതുങ്ങിയതോടെ ബെറ്റിങ് കച്ചവടം പൊടിപൊടിച്ചു. ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, തിരഞ്ഞെടുപ്പ് ബെറ്റിങ് അങ്ങനെ എന്തിന്റെ പേരിലും ആവാം.

2019 വരെ 12 ലക്ഷം പേരായിരുന്നു മഹാദേവിൽ രജിസ്റ്റർ ചെയ്തിരുന്നത്. 2019 ൽ മഹാദേവ് ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങുന്നു. അതോടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ദിവസേന 200 കോടി വരെ ഉടമകളുടെ പോക്കറ്റിലെത്തി.പണം വന്നതും പോയതും എല്ലാം ഹവാല റൂട്ടുകളിൽ ബെറ്റുവെച്ച് എത്ര പേർ ജയിച്ചാലും തോറ്റാലും, ലാഭം ഒടുവിൽ കമ്പനിക്ക് മാത്രം.