- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) കേന്ദ്ര സർക്കാർ നടപ്പാക്കി. 14 പേരുടെ അപേക്ഷകൾ അംഗീകരിച്ച് പൗരത്വം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. പാക്കിസ്ഥാനിൽ നിന്നു വന്ന അഭയാർത്ഥികൾക്കാണ് പൗരത്വം നൽകിയത്.
'2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിനുശേഷമുള്ള ആദ്യ സെറ്റ് പൗരത്വ സർട്ടിഫിക്കറ്റുകളാണ് നൽകിയത്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ആഭ്യന്തര സെക്രട്ടറി അപേക്ഷകരെ അഭിനന്ദിക്കുകയും ചട്ടങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടുകയും ചെയ്തു" ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
സിഎഎക്കെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് സർക്കാർ നിയമം നടപ്പാക്കിയത്. ഹർജികളിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമ ഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നത്.
മാർച്ച് 11-ന് ആണ് സി.എ.എ. നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെയാണ് പൗരത്വം നൽകുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചത്. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴി ആക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 11നാണ് പൗരത്വ നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ ഇറക്കിയത്. പൗരത്വനിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പല കോണുകളിൽ നിന്നായി ഉണ്ടായത്. 2018ൽ സിഎഎക്കെതിരെ (പൗരത്വം നിയമ ഭേദഗതി) രാജ്യവ്യാപകമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. മാർച്ചിൽ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങൾക്കുമിടെയാണിപ്പോൾ സിഎഎ കേന്ദ്ര സർക്കാർ നടപ്പാക്കിയത്