ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ കഴിയുമ്പോൾ സംസ്ഥാന ഭരണം എങ്ങനെ നടത്തും? കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്നും, ജയിലിൽ കഴിഞ്ഞുകൊണ്ട് തന്നെ ഭരണം നടത്തുമെന്നുമാണ് എഎപിയുടെ പ്രഖ്യാപനം.

ജയിലിൽ നിന്ന് ഭരണം നടത്താൻ കെജ്രിവാളിനെ ഒരു നിയമത്തിനും തടയാനാവില്ല. എന്നാൽ, ജയിൽ ചട്ടങ്ങളാണ് കാര്യങ്ങൾ സങ്കീർണമാക്കുന്നത്. ഒരു അന്തേവാസിക്ക് ഒരാഴ്ച രണ്ടു യോഗങ്ങളേ വിളിച്ചുകൂട്ടാൻ ജയിൽ ചട്ട പ്രകാരം സാധ്യമാകൂ എന്ന് ഡൽഹി തിഹാർ ജയിലിലെ മുൻ നിയമ ഉദ്യോഗസ്ഥൻ സുനിൽ ഗുപ്ത എൻഡി ടിവിയോട് പറഞ്ഞു. അതുകൊണ്ട് തന്നെ ജയിലിൽ ഇരുന്ന് കൊണ്ട് മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കുക കെജ്രിവാളിന് ബുദ്ധിമുട്ടേറിയതാകും.

' ജയിലിൽ ഇരുന്ന് കൊണ്ട് സർക്കാരിനെ ഭരിക്കുക എളുപ്പമുള്ള കാര്യമല്ല. ആഴ്ചയിൽ രണ്ടുതവണ നിങ്ങൾക്ക് കുടുംബത്തെയോ, കൂട്ടുകാരെയോ, കൂട്ടാളികളെയോ കാണാൻ ജയിൽ മാനുവൽ അനുവദിക്കുന്നു. കടുത്ത നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ സർക്കാർ ഭരണം ശ്രമകരമാകും, സുനിൽ ഗുപ്ത പറഞ്ഞു.

എന്നാൽ, മറ്റൊരു വഴിയുണ്ടെന്ന് സുനിൽ ഗുപ്ത പറഞ്ഞു. ലഫ്റ്റനനന്റ് ഗവർണർക്ക് ഏത് കെട്ടിടവും ജയിലായി മാറ്റാൻ അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിൽ ആക്കണമെന്ന് കെജ്രിവാളിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, അങ്ങനെ അവിടിരുന്ന് കൊണ്ട് ഡൽഹി സർക്കാരിന്റെ ദൈനദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ കഴിയും.

കോടതി സമുച്ചയങ്ങൾ താൽക്കാലിക ജയിലായി മാറ്റിയെടുത്ത മുൻകാല സംഭവങ്ങൾ ഉണ്ട്. അതുപോലെ ഏതു കെട്ടിടവും ജയിലായി പ്രഖ്യാപിക്കാൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ട്. അത്തരമൊരു ആനുകൂല്യം അനുവദിച്ചാൽ, കെജ്രിവാളിന് ജയിലിൽ ഇരുന്ന് ഭരണം സുഗമമായി നടത്താം.

ജനുവരിയിൽ ഭൂമി കോഴ വിവാദത്തിൽ പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തപ്പോൾ, അദ്ദേഹം രാജി വച്ച് മുഖ്യമന്ത്രി പദവി ചംപായി സോറന് കൈമാറിയിരുന്നു. 1998 ൽ ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണത്തിൽ കുടുങ്ങിയപ്പോൾ ഭാര്യ റാബറി ദേവിക്ക് മുഖ്യമന്ത്രിയുടെ ചുമതല കൈമാറുകയായിരുന്നു.

എന്നാൽ, കെജ്രിവാൾ ജയിലിൽ കഴിഞ്ഞുകൊണ്ട് തന്നെ ഭരണം തുടരുമെന്നാണ് എഎപിയിൽ രണ്ടാം സ്ഥാനത്തുള്ള മന്ത്രി അതിഷി അറിയിച്ചത്. കെജ്രിവാൾ രാജി വയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന സങ്കീർണതകൾ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പരിശോധിച്ചുവരികയാണ്. കെജ്രിവാൾ പൊതുജനസേവകൻ ആയതുകൊണ്ട് അദ്ദേഹത്തെ കേന്ദ്രം സസ്‌പെൻഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ വേണ്ടി വരുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥരെ സാധാരണഗതിയിൽ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യുകയാണ് പതിവ്.

മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നീ പ്രമുഖ നേതാക്കൾ നേരത്തെ തന്നെ ജയിലായതുകൊണ്ട് എഎപി ഭരണം മുന്നോട്ടുകൊണ്ടു പോകുന്ന കാര്യത്തിൽ വലിയ പ്രതിസന്ധിയെ നേരിടുകയാണ്.