ന്യൂഡൽഹി : ലോക്‌സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലിയോ? അതെ എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം.കേന്ദ്ര സർക്കാരിന്റെ വിമർശകയും, പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയുമായ മഹുവ മൊയ്ത്രയ്ക്ക് എതിരെയാണ് ദുബെയുടെ ആരോപണം. ഇതുനമായി ബന്ധപ്പെട്ട ആരോപണങ്ങൾ സ്പീക്കർ ഓം ബിർള ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. മഹുവ മൊയ്ത്രയ്ക്ക് എതിരെ അന്വേഷണം വേണമെന്നാണ് ദുബെ ആവശ്യപ്പെട്ടത്. എത്തിക്‌സ് കമ്മിറ്റിയുടെ തലവൻ ബിജെപി അംഗമായ വിനോദ് കുമാർ സോങ്കറാണ്.

ദുബെ ഈ വിഷയത്തിൽ, അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് പുറമേ, കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർക്ക് കത്ത് നൽകിയിരുന്നു.

നിഷികാന്ത് ദുബെയുടെ ആരോപണം

തനിക്ക് കിട്ടിയ സുപ്രീം കോടതി അഭിഭാഷകന്റെ കത്താണ് ദുബെയുടെ പരാതിക്ക് ആധാരം. മഹുവ മൊയ്ത്ര, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ വ്യവസായി ഹിരാനന്ദാനിയുടെ സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് ലോക്‌സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി വാങ്ങി എന്നതിന് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണ് തനിക്ക് കിട്ടിയ കത്തിലുള്ളതെന്ന് ദുബെ ആരോപിക്കുന്നു. 2005 ഡിസംബറിലെ ചോദ്യ കോഴ വിവാദത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ബിജെപി എം പി പറയുന്നു. തൃണമൂൽ എംപി ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെ വ്യവസായ താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, സംരക്ഷിക്കുന്നതോ, ആയിരുന്നു എന്നാണ് മുഖ്യ ആരോപണം.

വിമർശനവുമായി അദാനി ഗ്രൂപ്പും

ദുബെയുടെ ആരോപണത്തിന് പിന്നാലെ വിമർശനം ഉന്നയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. പുതിയ ആരോപണം തങ്ങളുടെ സൽപ്പേരും കീർത്തിയും വിപണിയിലെ സ്ഥാനവും അപകീർത്തിപ്പെടുത്താൻ ചില വ്യക്തികളും ഗ്രൂപ്പുകളും അധികസമയം ജോലിചെയ്യുന്നുവെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. അദാനി ഗ്രൂപ്പിന്റേയും ചെയർമാൻ ഗൗതം അദാനിയുടേയും കീർത്തിയും താത്പര്യങ്ങളും കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ 2018 മുതൽ നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദാനി ഗ്രൂപ്പ് വക്താവ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.

വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ തൃണമൂൽ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.

പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാനായി പ്രമുഖ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് എംപി. കൈക്കൂലി വാങ്ങിയെന്ന് സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദെഹ്ദ്രായി സിബിഐയിൽ സത്യവാങ്മൂലമായി പരാതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. നേരത്തെ, അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം താഴേയ്ക്കുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒ.സി.സി.ആർ.പി. അടക്കം ചില അന്തർദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.

വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങി വ്യവസായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകി ആരോപിച്ചു.

എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്.

അതേസമയം, മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി നിഷികാന്ത് ദുബെ രംഗത്തെത്തി. ലോക്‌സഭാ വെബ്‌സൈറ്റിന്റെ ലോഗിൻ ഐ.ഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഹിരാനന്ദാനിക്കും നൽകിയോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ഐ.ടി. മന്ത്രി അശ്വിനി വൈഷണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും കത്ത് നൽകി. ദേശീയ സുരക്ഷയടക്കം ബാധിക്കുന്ന വിഷയമാണിതെന്ന് ദുബെ കത്തിൽ ആരോപിക്കുന്നു. മഹുവയുടെ സാന്നിധ്യമില്ലാതിരുന്ന സ്ഥലങ്ങളിൽനിന്ന് വെബ്‌സൈറ്റിലേക്ക് ലോഗിൻ ചെയ്‌തോയെന്നതടക്കം അന്വേഷിക്കണമെന്നും ബിജെപി. എംപി. ആവശ്യപ്പെട്ടു.

അതിനിടെ, എംപിക്കെതിരായ ആരോപണം സത്യമാണെങ്കിൽ ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു. എംപിയുടെ നടപടി പരിഹാസ്യവും പാർലമെന്ററി ചോദ്യങ്ങളുടെ ദുരുപയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ഐ.ടി. കമ്മിറ്റിയിലേയും ഡാറ്റാ പ്രൊട്ടക്ഷൻ സംയുക്ത പാർലമെന്ററി സമിതിയിലേയും അംഗമാണെന്നും തന്റേത് സാധുവായ ചോദ്യമാണെന്നും രാജീവ് ചന്ദ്രശേഖരന്റെ എക്‌സിലെ കുറിപ്പിനു താഴെ മഹുവ മൊയ്ത്ര മറുപടി നൽകി. താൻ മറ്റുള്ളവർക്കുവേണ്ടി ചോദ്യമുന്നയിക്കുന്നുവെന്ന് ആരോപിച്ച തന്റെ ബുദ്ധിയെ അപമാനിക്കരുതെന്നും അവർ വ്യക്തമാക്കി.

നിഷേധക്കുറിപ്പിറക്കി ഹിരാനന്ദാനി

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് കുറിപ്പിറക്കി. സർക്കാരുമായി ചേർന്നാണ് എപ്പോഴും ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുള്ളതെന്നും, രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തനം തുടരുമെന്നും ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.

മഹുഹ മൊയ്ത്രയും കൈക്കൂലി ആരോപണവും തൃണമൂലും

തനിക്കെതിരായ ആരോപണങ്ങളെ മഹുവ മൊയിത്ര തള്ളിക്കളഞ്ഞു. സ്പീക്കർ ആദ്യം അന്വേഷിക്കേണ്ടത് ദുബെയ്ക്കും, മറ്റു ബിജെപി നേതാക്കൾക്കും എതിരായ വിവിധ അവകാശ ലംഘന പരാതികളാണ്. ഈ വർഷം മാർച്ചിൽ മൊയിത്ര, ദുബെയുടെ എംബിഎ, പിഎച്ച്ഡി ബിരുദങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തൃണമൂൽ കോൺഗ്രസ് ഈ വിഷയത്തിൽ വളരെ സൂക്ഷിച്ചാണ് പ്രതികരിക്കുന്നത്. 'കാത്തിരുന്നു കാണാം, മൊയിത്ര ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്' എന്നാണ് ഒരു മുതിർന്ന ടിഎം സി നേതാവ് പറഞ്ഞത്. എന്നാൽ, സിപിഎം വളരെ മൃദുല സമീപനമാണ് സ്വീകരിക്കുന്നത്. അന്വേഷണം നടത്തുന്നതിൽ സിപിഎമ്മിന് പ്രശ്‌നമില്ല. ബിജെപിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മൊയിത്രയെ ഒതുക്കാൻ ഉന്നം വച്ചുള്ള നീക്കമാകാം എന്നതും മറക്കരുത് എന്നാണ് സിപിഎം പറയുന്നത്.

മൊയിത്ര-തൃണമൂൽ ബന്ധം സുഖകരമല്ല

കഴിഞ്ഞ വർഷം ജൂലൈയിൽ കാളിയെ കുറിച്ചുള്ള മൊയിത്രയുടെ പ്രസ്താവനയുടെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നിരവധി പരാതികൾ നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും, തനിക്ക് ബിജെപിയെ പേടിയില്ലെന്നുമാണ് മൊയിത്ര കൂസലില്ലാത്ത നിലപാട് സ്വീകരിച്ചത്.

എന്നാൽ, കാളിയെ കുറിച്ചുള്ള വിവാദപരാമർശത്തിൽ, ടിഎംസി മൊയിത്രയുടെ ഒപ്പം നിന്നില്ല. അത് പാർട്ടി നിലപാടല്ല എന്നാണ് ടിഎംസി പരസ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ടിഎംസിയുടെ ഔദ്യോഗിക ട്വിറ്റർ ഹൈൻഡിൽ മൊയിത്ര അൺഫോളോ ചെയ്തിരുന്നു.

2021ൽ, കൃഷ്ണനഗറിലെ ഒരുപൊതുയോഗത്തിൽ വച്ച് മുഖ്യമന്ത്രി മമത ബാനർജി നാദിയ ജില്ലയിലെ വർദ്ധിച്ചുവരുന്ന പാർട്ടി വിഭാഗീയതയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മഹുവയുടെ പേരെടുത്തുപറഞ്ഞാണ് അന്ന് മമത ശാസിച്ചത്. ഒരാളും ഒരേ സ്ഥാനത്ത് എക്കാലവും ഉണ്ടാകുമെന്ന് കരുതരുത് എന്നാണ് മമത അന്ന് മുന്നറിയിപ്പ് നൽകിയത്. അന്ന് നാദിയ ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്ന മൊയിത്രയ്ക്ക് വേദിയിൽ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് പിന്നിലാണ് ഇരിപ്പിടം കിട്ടിയത്.