- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സിറ്റ് പോളുകൾ അനുകൂലമായതോടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കം തുടങ്ങി
ന്യൂഡൽഹി: എല്ലാ എക്‌സിറ്റ് പോളുകളും തങ്ങൾക്ക് അനുകൂലമായതോടെ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിന് ഒരുക്കം തുടങ്ങി. ഇത്തവണ ചടങ്ങ് വലിയ രാഷ്ട്രീയ സംഭവമാക്കാൻ തന്നെയാണ് തീരുമാനം. ഭാരത് മണ്ഡപത്തിലോ, കർത്തവ്യ പഥിലോ ബിജെപിയുടെ വലിയ ആഘോഷ പരിപാടികൾക്ക് തയ്യാറെടുപ്പ് തുടങ്ങി.
സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താൻ ആലോചിച്ചെങ്കിലും ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന.
സത്യപ്രതിജ്ഞാചടങ്ങിന്റെ അന്നുതന്നെ ഭാരത് മണ്ഡപത്തിലോ, കർത്തവ്യ പഥത്തിലോ ബിജെപിയുടെ ആഘോഷ പരിപാടികൾ നടത്തുമെന്നാണ് സൂചന. അന്തിമ തീയതി നിശ്ചയിച്ചിട്ടില്ല. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകും. വിദേശ സർക്കാർ പ്രതിനിധികൾ അടക്കം, 10,000 ത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മെയ് 28 ന് രാഷ്ട്രപതി ഭവൻ സെക്രട്ടേറിയറ്റ് രാഷ്ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.
ടെണ്ടർ ആർക്കാണെന്ന് ഇന്ന് തീരുമാനം ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക.
പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് തലസ്ഥാനത്തേക്ക് സഞ്ചരിക്കാനും, താമസത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് തയ്യാറെടുപ്പ് തുടങ്ങി. ബിജെപിയുടെ ആഘോഷ പരിപാടികൾ രാംലീലാ മൈതാനത്തോ, ഭാരത് മണ്ഡപത്തിലോ, യശോഭൂമി കൺവഷൻ സെന്ററിലോ നടത്താൻ ആലോചിച്ചിരുന്നു. ചൂടേറിയ കാലാവസ്ഥ കണക്കിലെടുത്ത് ഭാരത് മണ്ഡപത്തിലോ, യശോഭൂമിയിലോ നടത്തിയേക്കും.
എക്‌സിറ്റ് പോളുകൾ ശരിയായി വന്നാൽ, മൂന്ന് വട്ടം തുടർച്ചയായി അധികാരത്തിലിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പം മോദി എത്തും. എൻഡിഎയ്ക്ക് 358 സീറ്റ് വരെ പ്രവചിക്കുന്ന എക്‌സിറ്റ് പോളുകൾ വന്നുകഴിഞ്ഞെങ്കിലും, പ്രതിപക്ഷം പോളുകളെ തള്ളിക്കളഞ്ഞു. എന്തായാലും നാളെ വോട്ടെണ്ണും വരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം.