- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ യഥാർഥത്തിൽ സംഭവിച്ചത്
ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസിൽ സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
ജനുവരി 30 നടന്ന തിരഞ്ഞെടുപ്പ് ബിജെപി കൗൺസിലർമാരും, പ്രിസൈഡിങ് ഓഫീസർ അനിൽ മസീഹും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണമാണ് സുപ്രീം കോടതി വിധിയിലൂടെ ശരി വച്ചത്. തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുൽദീപ് കുമാർ മേയറാകുകയായിരുന്നു. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർത്ഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു.
ബാലറ്റിൽ കൃത്രിമം നടത്തിയ പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാറോട് കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി നേരത്തെ കേസിൽ വിമർശനങ്ങൾ ഉയർത്തിയതോടെ, ബിജെപി മേയർ മനോജ് സോങ്കർ ഞായറാഴ്ച രാജി വച്ചിരുന്നു.
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്ത്?
കോൺഗ്രസും എഎപിയും തമ്മിലുള്ള ആദ്യത്തെ സഖ്യം എന്ന നിലയിലാണ് ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം. ബിജെപിയെ സംയുക്തമായി വെല്ലുവിളിക്കുകയായിരുന്നു സഖ്യം. ഒരുപക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനങ്ങളിൽ സാധ്യമായേക്കാവുന്ന സഖ്യത്തിന്റെ ആദ്യ പതിപ്പ്. ഇന്ത്യ സഖ്യത്തിന്റെ ആദ്യവലിയ വിജയമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോടതി വിധിയെ വിശേഷിപ്പിച്ചത്. 'ഈ വിജയം ഞങ്ങൾ ബിജെപിയിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു. അവർ ഈ തിരഞ്ഞെടുപ്പ് കവർന്നെടുക്കാൻ നോക്കിയെങ്കിലും, ഞങ്ങൾ പോരാടി നേടി', കെജ്രിവാൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് ആദ്യം മാറ്റി വയ്ക്കാൻ കാരണം?
തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ജനുവരി 18 ന് എഎപി, കോൺഗ്രസ് കൗൺസിലർമാർ സ്ഥലത്തെത്തിയപ്പോൾ, വോട്ടെടുപ്പ് മാറ്റി വച്ചെന്നായിരുന്നു അറിയിപ്പ്. പ്രിസൈഡിങ് ഓഫീസർ അനിൽ മസീഹിന് സുഖമില്ലെന്നും വിശദീകരണം വന്നു. ഫെബ്രുവരി ആറിലേക്ക് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ ചണ്ഡീഗഡ് ഭരണകൂടം തീരുമാനിച്ചു. എന്നാൽ, എഎപിയുടെ മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും, ജനുവരി 30 ന് തിരഞ്ഞെടുപ്പ് നിശ്ചയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ സംഭവിച്ചത്
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചാണ് ബിജെപി ജയം നേടിയത്. അംഗബലം നോക്കുമ്പോൾ 'ഇന്ത്യ' സഖ്യം അനായാസം ജയിക്കേണ്ടതായിരുന്നു. 'ഇന്ത്യ' സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് 'അസാധു'വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. 35 അംഗ കോർപറേഷനിൽ ബിജെപിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്.
എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എംപിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചിരുന്നത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ആരെങ്കിലും കൂറുമാറിയോ?
ജനുവരി 30 ന് ശേഷം മൂന്നു എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. അതോടെ ബിജെപിക്ക് 17 വോട്ടായി. സുപ്രീം കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നെങ്കിൽ, ബിജെപിക്ക് ആകുമായിരുന്നു മേൽക്കൈ. എന്നാൽ, കുതിരക്കച്ചവടസാധ്യത മനസ്സിൽക്കണ്ട സുപ്രീംകോടതി അതിന് തയ്യാറായില്ല. മൂന്ന് എ.എ.പി കൗൺസിലർമാരെ ബിജെപി ചാക്കിട്ടുപിടിച്ചതിലും കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി
മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു.
ബിജെപി. സ്ഥാനാർത്ഥി മനോജ് ഷൊങ്കർ വിജയിച്ചെന്ന വരാണധികാരിയുടെ പ്രഖ്യാപനം സുപ്രീം കോടതി റദ്ദാക്കി. വിവാദ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ആയിരുന്ന അനിൽ മസീഹ്ന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. വരണാധികാരി അനിൽ മസീഹ് അസാധുവാക്കിയ എട്ട് വോട്ടുകളും സുപ്രീം കോടതി എണ്ണി. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നിർദ്ദേശം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ നീക്കം ഉണ്ടായത്.
മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി അനിൽ മസീഹ് പ്രഖ്യാപിച്ചിരുന്നു. ബിജെപി. സ്ഥാനാർത്ഥിക്ക് 16 വോട്ടുകളും കോൺഗ്രസ്-എ.എ.പി. സ്ഥാനാർത്ഥിക്ക് 12 വോട്ടും ആയി. എന്നാൽ അസാധുവാക്കിയ ഈ എട്ട് വോട്ടുകളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിച്ചു. തുടർന്ന് എട്ട് വോട്ടുകളും സാധുവാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച 8 വോട്ടുകളും എഎപി- കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഇതോടെയാണ് കുൽദീപ് കുമാർ വിജയി ആണെന് സുപ്രീംകോടതി വിധിച്ചത്
ആരാണ് അനിൽ മസീഹ്?
ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സെല്ലിന്റെ മുൻ ജനറൽ സെക്രട്ടറിയാണ് അനിൽ മസീഹ്. 2022 ഒക്ടോബറിലാണ് കൗൺസിലറായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
സുപ്രീം കോടതിയിൽ കേസ് വിചാരണ ആരംഭിക്കും മുമ്പ് അനിലിന്റെ പേര് ന്യൂനപക്ഷ സെല്ലിൽ നിന്ന് ബിജെപി മാറ്റി. 53 കാരനായ അനിൽ മസീഹ് ചണ്ഡിഗഡിലെ പിഇസി ക്യാമ്പസിൽ താമസിക്കുന്നു. മാർക്കറ്റിങ് രംഗത്താണ് പരിചയം. അംബാലയിൽ നിന്നാണ് കുടുംബത്തിന്റെ വരവ്. ഭാര്യയും രണ്ടുമക്കളുമുണ്ട്.