- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം; രാഹുലിനെ കോൺഗ്രസ് അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഘടകങ്ങൾ; പ്രമേയം പാസാക്കി രാജസ്ഥാൻ, ചത്തീസ്ഗഢ് നേതൃയോഗങ്ങൾ; പ്രതികരിക്കാതെ രാഹുൽ
റായ്പുർ: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം പ്രമേയം പാസാക്കിയതിനു പിന്നാലെ സമാന നീക്കവുമായി ഛത്തീസ്‌ഗഢ് കോൺഗ്രസും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന മുറവിളി പാർട്ടിയിൽ ശക്തമാകുന്നത്.
പി.എൽ. പുനിയയുടെ നേതൃത്വത്തിൽ റായ്പുരിലെ രാജീവ് ഭവനിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും മന്ത്രിമാരും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത നടന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. രണ്ട് പ്രമേയങ്ങളാണ് യോഗത്തിൽ ഏകകണ്ഠമായി പാസ്സാക്കിയതെന്ന് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെയും ട്രഷററെയും നിയമിക്കണമെന്ന് അധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുന്നതാണ് ഒരു പ്രമേയം. രാഹുൾ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു മറ്റൊരു പ്രമേയം, അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിൽ പ്രമേയം പാസ്സാക്കിയത്. അധ്യക്ഷ സ്ഥാനത്തേക്ക് സമ്മർദ്ദം തുടരുന്നതിനിടെ സംസ്ഥാന ഘടകത്തെ കൊണ്ട് പ്രമേയം അവതരിപ്പിച്ച് ഒഴിഞ്ഞുമാറാൻ കൂടിയാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ നീക്കം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളും കോൺഗ്രസ് സംഘടനകളും രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചൽ പ്രദേശും അടുത്തിടെയാണ് പ്രമേയം പാസാക്കിയത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശം സെപ്റ്റംബർ 24-ന് ആരംഭിക്കാനിരിക്കെയാണ് വിവിധ സംസ്ഥാന ഘടകങ്ങളുടെ ഇത്തരമൊരു നടപടി.
നിലവിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ 3,570 കിലോമീറ്റർ പദയാത്ര നടത്തുകയാണ് രാഹുൽ ഗാന്ധി. അതിനിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോട് ചോദിച്ചപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുൽഗാന്ധി നൽകുമ്പോഴും സമ്മർദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാൻ പ്രവർത്തകർ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽതന്നെ പാർട്ടിയെ നയിക്കണമെന്നും പ്രമേയങ്ങൾ ആവശ്യപ്പെടുന്നു.
അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുൽ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന ഘടകങ്ങൾ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവർത്തിക്കുമ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേൽ സമ്മര്ദ്ദമുണ്ട്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അതേസമയം കോൺഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. കപിൽ സിബൽ, അശ്വനി കുമാർ, ഗുലാം നബി ആസാദ് എന്നിവർ അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നും ഒഴിഞ്ഞു മാറി ഭാരത് ജോഡ്ഡോ യാത്രയിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഹുൽ ഗാന്ധി. ആലപ്പുഴ ജില്ലയിലെ രണ്ടാം ദിന യാത്ര ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് വച്ച് സമാപിക്കും.