- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദി ഹൃദയഭൂമിയിലെ സമ്പൂർണ്ണ തോൽവിയിൽ നേതാക്കളെ വിമർശിച്ചു രാഹുൽ ഗാന്ധി; വിജയം ഉറപ്പെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; ഹൈക്കമാൻഡിനെ അറിയിച്ചത് ഊതി പെരുപ്പിച്ച വിവരങ്ങൾ; കമൽനാഥിനെയും ഗെലോട്ടിനെയും ബാഗേലിനെയും ഉന്നമിട്ടു രാഹുലിന്റെ വിമർശനം; തോൽവിയിൽ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് തിരിച്ചടിച്ച് ദിഗ് വിജയ് സിങ്
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ സമ്പൂർണ തോൽവിയിലേക്ക് നയിച്ചത് മുതിർന്ന നേതാക്കൾ തമ്മിലുള്ള അധികാര വടംവലിയും തൊഴിത്തിൽകുത്തും അമിത ആത്മവിശ്വാസവുമായിരുന്നു. കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് കരുതിയ രാജസ്ഥാനിലും ഛത്തിസ്ഗഡിലും അധികാരം പോയി. ഇവിടങ്ങളിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ അടക്കം തെരഞ്ഞെടുപ്പിൽ കുറവായിരുന്നു. സുനിൽ കനുഗേലുവിനെ അടക്കം ഗെലോട്ടും കമൽനാഥും തള്ളിപ്പറഞ്ഞതായിരുന്നു തോൽവിക്ക് ഇടയാക്കിയതും. അതസമയം കനഗേലുവും ഹൈക്കമാൻഡും നേരിൽ നിന്നു നയിച്ച തെലുങ്കാനയിൽ കോൺഗ്രസ് വിജയിക്കുകയും ചെയ്തു.
ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്നും ഡൽഹിയിൽ ചേർന്ന എഐസിസി പ്രവർത്തക സമിതി യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. യാഥാർത്ഥ്യം മറച്ച് വച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഘട്ടിലെയും പ്രമുഖ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്ന് രാഹുൽ കുറ്റപ്പെടുത്തി. തോൽവിയിൽ എഐസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ദിഗ് വിജയ് സിങ് തിരിച്ചടിച്ചു. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ രണ്ടാം ഭാരത് ജോഡോ യാത്ര ബാധിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെ ജോഡോ യാത്രയുടെ കാര്യത്തിലും അനിശ്ചിതത്വമായി.
നിയമസഭ തെരഞ്ഞെടുപ്പ് തോൽവി പാർട്ടിക്ക് കനത്ത ആഘാതമായെന്ന് രാഹുൽ ഗാന്ധി. അശോക് ഗലോട്ട്, കമൽനാഥ്, ദിഗ് വിജയ് സിങ്, ഭൂപേഷ് ബാഗേൽ എന്നീ നേതാക്കൾക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. സംസ്ഥാന നേതൃത്വങ്ങൾ നൽകിയ ഉറപ്പിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ്ണമായും അവർക്ക് വിട്ടു നൽകി. എന്നാൽ യഥാർത്ഥ സാഹചര്യം മനസിലാക്കാതെ ഊതി പെരുപ്പിച്ച വിവരങ്ങൾ നേതൃത്വത്തെ ധരിപ്പിച്ചെന്നും രാഹുൽ വിമർശിച്ചു.
സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറൽസെക്രട്ടറിമാരെയും നിർത്തിപ്പൊരിച്ചു. എന്നാൽ ദിഗ് വിജയ് സിങ് രാഹുലിനോട് എതിർത്ത് നിന്നു. സഖ്യത്തിനുള്ള സമാജ് വാദി പാർട്ടിയുടേതടക്കം ആഹ്വാനം തള്ളിയതിൽ കമൽനാഥിനും എഐസിസി നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്ന് ദിഗ് വിജയ് സിങ് തിരിച്ചടിച്ചു. നേതൃത്വങ്ങളെ തിരുത്താൻ ശ്രമിച്ച കാര്യവും ദിഗ് വിജയ് സിങ് ഓർമ്മപ്പെടുത്തി. തിരിച്ചടികൾ തിരിച്ചറിഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വാർത്ത സമ്മേളനത്തിൽ കെ സി വേണുഗോപാൽ പറഞ്ഞു.
ലോക് സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി രണ്ടാം ഭാരത് ജോഡോയാത്രയുമായി രാഹുൽ ഗാന്ധി ഇറങ്ങുകയാണ്. ജനുവരി രണ്ടാം വാരം മുതൽ തുടങ്ങാനാണ് ആലോചന. എന്നാൽ തൊട്ടുമുൻപിലുള്ള ലോക് സഭ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വേണം യാത്രയെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയതോടെ തീയതിയിൽ അന്തിമ തീരുമാനമായില്ല.
നേരത്തെ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അവലോകന യോഗങ്ങൾ നടന്നിരുന്നു. സംസ്ഥാന നേതാക്കളുടെ അലംഭാവം, ഏകോപനമില്ലായ്മ, ഐക്യമില്ലായ്മ, വിഭവങ്ങളുടെ അഭാവം, ബിജെപിയുടെ പ്രചരണത്തെ നേരിടുന്നതിലെ പരാജയം, കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് പരാജയത്തിന്റെ കാരണങ്ങളായി കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്.
മധ്യപ്രദേശിൽ പി.സി.സി. അധ്യക്ഷൻ കമൽനാഥും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങുമാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനായിരുന്നു ചുമതല. മധ്യപ്രദേശിൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാനുള്ള സമ്മർദ്ദം കമൽനാഥിനുമേൽ ഉണ്ടെന്നാണ് സൂചന. അധ്യക്ഷസ്ഥാനത്ത് തുടരാൻ കമൽനാഥിനും താൽപ്പര്യമില്ല എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഭൂപേഷ് ബാഗേൽ ഉൾപ്പെടെ ഛത്തീസ്‌ഗഡിൽ നിന്നുള്ള 11 നേതാക്കളാണ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തത്. ബാഗേലിന്റെ നേതൃത്വത്തിലാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി 2018-ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 68 സീറ്റാണ് അന്ന് ലഭിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പുകൾ കൂടി വിജയിച്ചതോടെ നിയമസഭയിലെ കോൺഗ്രസിന്റെ അംഗസംഖ്യ 71 ആയി ഉയർന്നു. അവിടെ നിന്നാണ് ഇപ്പോൾ കോൺഗ്രസ് 35 സീറ്റിലേക്ക് കൂപ്പുകുത്തിയത്. ഛത്തീസ്‌ഗഡിലെ പരാജയത്തിൽ സംസ്ഥാന നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്.
രാജസ്ഥാനിൽ പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായിട്ടും കർണാടകയിലേതിന് സമാനമായ പ്രചാരണം സംഘടിപ്പിക്കാൻ നേതൃത്വത്തിനായില്ലെന്ന് വിലയിരുത്തപ്പെട്ടു. അതേസമയം വൻ തോൽവി നേരിട്ട സ്ഥലങ്ങളിലും ഹൈക്കമാൻഡിന് കാര്യമായ ഇടപെടൽ നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പു ആസന്നമായ അവസ്ഥയിൽ വലിയ മാറ്റങ്ങളിലേക്ക് പോകാൻ പാർട്ടിക്ക് സാധിക്കുകയുമില്ല. ഇന്ത്യാ മുന്നണി എന്ന നിലയിൽ മുന്നോട്ടു പോകുമ്പോൾ ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തോൽവി കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ വിലപേശൽ ശേഷി നഷ്ടമായെന്നാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നത്.




