- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂർ സർക്കാർ സുരക്ഷാപ്രശ്നം ഉയർത്തി കടുത്ത ഉപാധികൾ വച്ചതോടെ ഭാരത് ജോഡോ ന്യായ യാത്രയുടെ വേദി മാറ്റി; യാത്ര ഇംഫാലിൽ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി; നിലപാട് കടുപ്പിച്ച് അസം സർക്കാരും; രണ്ടിടത്ത് രാത്രി താമസത്തിന് അനുമതി നിഷേധിച്ചു
ന്യൂഡൽഹി: ഇംഫാലിൽ ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് മണിപ്പൂർ സർക്കാർ കടുത്ത ഉപാധികൾ വച്ചതോടെ, വേദി മാറ്റി. യാത്ര ഇംഫാലിൽ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി അറിയിച്ചു. ചുരുങ്ങിയ അംഗങ്ങളുമായി നിയന്ത്രണങ്ങളോടെ മാത്രമേ ഇംഫാലിൽ പരിപാടി നടത്താവു എന്നതാണ് ക്രമസമാധാന നില കണക്കിലെടുത്ത് സർക്കാർ നിലപാട്.
ഇംഫാൽ പാലസ് ഗ്രൗണ്ടിലെ സമ്മേളനവേദി തൊട്ടടുത്തുള്ള ഥൗബലിലെ കൊങ്ജോമിലേക്ക് മാറ്റാൻ സംസ്ഥാന ഘടകം തീരുമാനിച്ചത് ഇതോടെയാണ്. സംഘർഷവും ഇംഫാലിലെ മുഖ്യമന്ത്രിയുടെ പൊതു പരിപാടി നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പ്രശ്നം ഉന്നയിച്ച് സംസ്ഥാന സർക്കാർ സമ്മേളനവേദിക്ക് അനുമതി നൽകാതിരുന്നത്.
അതിനിടെ, യാത്രയ്ക്ക് അസമിലും തടസ്സങ്ങൾ നേരിടുകയാണ്. അസമിലെ രണ്ടുജില്ലകളിൽ പൊതുമൈതാനങ്ങളിൽ രാത്രി തങ്ങാനുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്. രാഹുൽ ഗാന്ധി അടക്കം യാത്രികർ കണ്ടെയ്നറുകളിലാണ് രാത്രി താമസിക്കുന്നത്. സർക്കാർ അനുമതി നിഷേധിച്ചതോടെ, കോൺഗ്രസ് സ്വകാര്യ കൃഷിഭൂമിയിൽ ബദൽ ക്രമീകരണങ്ങൾ ആലോചിക്കുകയാണ്. ധേമാജി ജില്ലയിലെ ഗോഗമുഖിൽ ഒരു സ്കൂൾ മൈതാനത്താണ് കണ്ടെയിനറുകൾ പാർക്ക് ചെയ്യാൻ അനുമതി ചോദിച്ചത്. ആദ്യം അനുമതി കിട്ടിയെങ്കിലും പിന്നീട് അത് പിൻവലിച്ചു. സമാനരീതിയിൽ ജോർഹട്ട് ജില്ലയിലെ കോളേജ് മൈതാനത്ത് തങ്ങാനുള്ള അനുമതിയും ജില്ലാ ഭരണകൂടം നൽകിയില്ല.
ഭരണഘടനയെ സംരക്ഷിക്കൂ എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ നേതൃത്വം നൽകുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. മണിപ്പൂരിലെ നാലു ജില്ലകളിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാടു കൂടി തേടിയശേഷമാണ് മണിപ്പൂർ സർക്കാർ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.
ബസിലും കാൽനടയായും ഭാരത്ജോഡോ ന്യായ് യാത്രയിൽ രാഹുലും സംഘാംഗങ്ങളും 6,713 കിലോമീറ്റർ സഞ്ചരിക്കും. 110 ജില്ലകളിലായി 100 ലോക്സഭാ മണ്ഡലങ്ങളും, 337 നിയമസഭാ മണ്ഡലങ്ങളും 66 ദിവസത്തിനുള്ളിൽ സഞ്ചരിക്കും. മാർച്ച് 20 ന് മുംബൈയിലാണ് സമാപനം.
2023, മെയ് 3 നാണ് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴും സംസ്ഥാനം സംഘർഷ മുക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ