- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാർഗെ ജി പൊരിവെയിലത്ത് നിൽക്കുമ്പോൾ ആർക്കാണ് കുട ചൂടി നൽകിയതെന്ന് നാം കണ്ടു; പേരിന് മാത്രമാണ് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷൻ; റിമോട്ട് കൺട്രോൾ ആരുടെ കൈയിലാണെന്നും എല്ലാർക്കും അറിയാം; കോൺഗ്രസ് ഖാർഗെയെ അപമാനിച്ചെന്ന് മോദി
ബെംഗളൂരു: കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പോരിന് ചൂടുകൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെയാണ് മോദി വിമർശിക്കുകയും, പരിഹസിക്കുകയും ചെയ്തത്. ' കോൺഗ്രസ് കർണാടകത്തെ വെറുക്കുന്നുവെന്ന് ഞാൻ ജനങ്ങളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. സംസ്ഥാന നേതാക്കളെ അപമാനിക്കുക, ആ പാർട്ടിയുടെ പഴയ സംസ്‌കാരമാണ്, ബെൽഗാവിയിൽ സംസാരിക്കുകയായിരുന്നു മോദി. എസ് നിജലിംഗപ്പയെയും വീരേന്ദ്ര പാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങൾക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കർണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമർശിച്ചു.
മെയിലാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 'മല്ലികാർജ്ജുൻ ഖാർഗെ പേരിന് മാത്രമാണ് കോൺഗ്രസിന് അലങ്കാരമായിരിക്കുന്നത്. ആരാണ് റിമോട്ട് കൺട്രോൾ വഴി കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഒരു കുടുംബത്തിൽ ഒതുങ്ങിയിരിക്കുന്ന കോൺഗ്രസ് നേതൃത്വം റായ്‌പ്പൂർ പ്ലീനറിയിൽ ഖാർഗെയെ അപമാനിച്ചു. ഒരു ദളിത് നേതാവിനെ കോൺഗ്രസ് അനാദരിക്കുകയാണ്, കർണാടകയിൽ നിന്നുള്ള ഖാർഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഖാർഗെ ഏതെല്ലാം തരത്തിൽ ജനങ്ങളെ സേവിച്ച നേതാവാണ്. ഇത്രയും മുതിർന്ന നേതാവിനെ, കോൺഗ്രസിന്റെ അദ്ധ്യക്ഷനെ അവർ അപമാനിക്കുന്നത് കണ്ടപ്പോൾ നിരാശയും സങ്കടവും തോന്നി. ഖാർഗെ ജി കനത്ത വെയിലത്ത് നിൽക്കുന്നത് ഞാൻ കണ്ടു, എന്നാൽ ആർക്കാണ് കുട ചൂടി നൽകിയതെന്നും നാം കണ്ടു' പ്ലീനറി സമ്മേളനത്തിനിടെ സോണിയ ഗാന്ധിക്ക് കുട ചൂടി നിൽക്കുന്ന ദൃശ്യമാണ് മോദി പരാമർശിച്ചത്. ആരുടെ കൈയിലാണ് റിമോട്ട് കൺട്രോൾ എന്ന് എല്ലാവർക്കും അറിയാം, മോദി പറഞ്ഞു.
മറുനാടന് ഡെസ്ക്