- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിലെ മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിനെ ചൊല്ലി 'ഇന്ത്യ' സഖ്യത്തിൽ ഭിന്നത; എഎപി-കോൺഗ്രസ് പോര് രൂക്ഷം; പഞ്ചാബ് പ്രശ്നം എഎപിയുടെ 'ഇന്ത്യ' ബന്ധത്തെ ബാധിക്കില്ലെന്ന് കെജ്രിവാൾ; വാക്പോര് തുടരുന്നു
ന്യൂഡൽഹി: പഞ്ചാബിലെ പ്രശ്‌നമൊന്നും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുമായുള്ള ബന്ധത്തെയോ സഹകരണത്തെയോ ബാധിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തതോടെ, 'ഇന്ത്യ'യെ ബാധിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് സൂചിപ്പിച്ചിരുന്നു. പഞ്ചാബ് സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ പറഞ്ഞു. ലോക്‌സഭ തെരഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടിയുമായി കൈകോർക്കാൻ പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു.
എട്ട് വർഷം മുൻപുള്ള ലഹരിമരുന്ന് കടത്ത് കേസിലാണ് കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഛണ്ഡിഗഡിലെ വസതിയിൽ നടത്തിയ റെയ്ഡിനെ പിന്നാലെയായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
' എഎപി ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണ്. സഖ്യത്തിൽ നിന്നും വേർപെട്ടുപോകില്ല', കെജ്രിവാൾ ഡൽഹിയിൽ പറഞ്ഞു. എന്നാൽ, മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടത്തോടും എഎപിക്ക് പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ' ഒരുകോൺഗ്രസ് നേതാവിനെ ഇന്നലെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതായി ഞാൻ അറിഞ്ഞു. വിശദാംശങ്ങൾ അറിയില്ല. ഞങ്ങൾ മയക്കുമരുന്നിന് എതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും, ഒരു കേസിനെ കുറിച്ച് ഞാൻ പ്രതികരിക്കില്ല, എന്നാൽ, മയക്കുമരുന്ന് വേട്ടയോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്', കെജ്രിവാൾ പറഞ്ഞു.
പഞ്ചാബിലെ എഎപി സർക്കാരിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും കടുത്ത വിമർശകനാണ് ഖൈറ. ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വിമർശിച്ചു. പ്രതിപക്ഷത്തെ അറസ്റ്റിലൂടെ പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് എഎപി സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് എംഎൽഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അമരീന്ദർ രാജ പറഞ്ഞു.
റെയ്ഡിന്റെ ദൃശ്യങ്ങൾ എംഎൽഎ ഫേസ്‌ബുക്ക് പേജിൽ ലൈവായി പങ്കുവെച്ചിരുന്നു. അതിൽ പൊലീസുകാരുമായി എംഎൽഎ തർക്കിക്കുന്നത് കാണാം. പൊലീസിനോട് അദ്ദേഹം വാറണ്ട് ആവശ്യപ്പെട്ടു. പഴയ എൻഡിപിഎസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്‌പി അചുരാം ശർമ എംഎൽഎയോട് പറഞ്ഞു. എന്നാൽ കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎൽഎ മറുപടി നൽകി.
ലഹരിക്കടത്ത് സംബന്ധിച്ച് എംഎൽഎക്കെതിരെ തെളിവുണ്ടെന്നാണ് പൊലീസിന്റെ വാദം.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎൽഎ ആരോപിച്ചു. എതിർപ്പിനിടെയാണ് എംഎൽഎയെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയത്. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ് സുഖ്ദീപ് സിങ് ഖൈറ.
പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ഇന്ത്യ സഖ്യത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാർട്ടികൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിലും മത്സരിക്കുമെന്നാണ് എഎപി നേരത്തെ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. എന്നാൽ ആം ആദ്മി പാർട്ടിയുമായി കൈകോർക്കാനാണ് ഹൈക്കമാൻഡ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നൽകിയ നിർദ്ദേശം.




