- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഗുജറാത്തിൽ പദയാത്ര എത്തണമെങ്കിൽ 90 ദിവസമെങ്കിലും വേണം; '56 ഇഞ്ച് നെഞ്ചളവുള്ള സൂപ്പർമാന് 'പോലും ഇതിന് പറ്റില്ല; മുണ്ടുടുത്ത മോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി; ഇരുവരുടെയുടെ പ്രവർത്തനങ്ങൾ ഒരു പോലെ': ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്ന സിപിഎമ്മിന് മറുപടിയുമായി കോൺഗ്രസ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോട് എതിർപ്പില്ലെന്ന് സിപിഎം ഒരുഭാഗത്ത് പറയുമ്പോൾ മറുഭാഗത്ത് തുടർച്ചയായി വിമർശനങ്ങളാണ്. യാത്ര കൊല്ലം ജില്ലയിലേക്ക് കടന്നപ്പോഴും സിപിഎം നേതാക്കൾ തുറന്ന വിമർശനങ്ങളാണ് നടത്തുന്നത്. കേരളത്തിൽ 18 ദിവസവും യു.പിയിൽ രണ്ട് ദിവസം മാത്രവും നടക്കുന്ന യാത്ര ബിജെപിയെ നേരിടാനുള്ള വിചിത്രമായ വഴി എന്ന് സിപിഎം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബാലിശമായ വിമർശനം എന്നാണ് കോൺഗ്രസ് തിരിച്ചടിച്ചത്. സിപിഎം. ബിജെപിയുടെ എ-ടീം ആണെന്ന് എഐസിസി വാർത്താ വിനിമയ വിഭാഗം ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റും ചെയ്തു.
ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെ യാത്ര കടന്നുപോകുന്നില്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന വിമർശനം. ഇതിന് മറുപടിയുമായി ജയ്‌റാം രമേശ് വീണ്ടും രംഗത്തെത്തി. 'കന്യാകുമാരി മുതൽ കശ്മീർ വരെയാണ് യാത്ര, ഗുജറാത്തിൽ പദയാത്ര എത്തണമെങ്കിൽ 90 ദിവസമെങ്കിലുമെടുക്കും. ' 56 ഇഞ്ച് നെഞ്ചളവുള്ള സൂപ്പർമാന് ' പോലും ഇതിന് പറ്റില്ല'; ജയറാം രമേശ് പറയുന്നു.
കാൽനടയായി സഞ്ചരിക്കാൻ അഞ്ച് റൂട്ടുകൾ പരിശോധിച്ചു. ഇതിൽ ഏറ്റവും നേരെയുള്ള റൂട്ടാണ് തെരഞ്ഞെടുത്തത്. മറ്റ് റൂട്ടുകൾക്ക് വാഹനങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ എ ടീം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കുടി യാത്ര 18 ദിവസം കടന്നു പോകുന്നുവെന്ന് സിപിഎമ്മിനെ പരോക്ഷമായി ജയറാം രമേശ് വിമർശിക്കുകയും ചെയ്തു.
മുണ്ടുടുത്ത മോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി. ഇരുവരുടെയുടെ പ്രവർത്തനങ്ങൾ ഒരു പോലെയാണ്. കോൺഗ്രസ് നടത്തുന്നത് ഭാരത് ജോഡോ യാത്രയാണെങ്കിൽ കോൺഗ്രസിനെ വിമർശിക്കുന്നവർ നടത്തുന്നത് യൂറോപ്പ് ജോഡോ യാത്ര'യെന്നും ജയറാം പരിഹസിച്ചു. അതേസമയം, ഭാരത് ജോഡോ യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിൽ സമാന്തര യാത്രകൾ സംഘടിപ്പിക്കും. അടുത്ത വർഷം ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് യാത്ര നടത്താനാണ് ആലോചനയെന്നും ജയറാം രമേശ് വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യമെന്നാൽ കോൺഗ്രസിനെ തളർത്തലല്ലെന്ന് ജയ്‌റാം രമേശ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസിനെ പരിഗണിക്കാതെ പ്രാദേശിക പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കവേ അതിനോടുള്ള കൃത്യമായ പ്രതികരണമാണ് കോൺഗ്രസ് നടത്തിയത്.
'കോൺഗ്രസ് ശക്തമാണെങ്കിൽ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവൂ. പ്രതിപക്ഷ ഐക്യം എന്നാൽ കോൺഗ്രസിനെ തളർത്തലല്ല', ജയ്‌റാം രമേശ് പറഞ്ഞു. 'ഞങ്ങളുടെ സഖ്യകക്ഷികൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഒരാളെ തളർത്തി മറ്റൊരാൾക്ക് മുന്നോട്ട് പോവാനാവില്ല. നമ്മൾ ഓരോരുത്തരും ശക്തിപ്പെടണം. അതോടൊപ്പം ശക്തമായ കോൺഗ്രസാണ് പ്രതിപക്ഷ സഖ്യത്തിന്റെ നെടുംതൂണ്', ജയ്‌റാം രമേശ് പറഞ്ഞു.ഭാരത് ജോഡോ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള യാത്രയല്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു. 'കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണത്. യാത്ര പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഞാൻ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും ഗുണപരമാക്കാനും വേണ്ടിയാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്', അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്ന് ബിജെപിയും ബിജെപി ഇതര കക്ഷികളും ഒരേ പോലെ നോക്കുകയാണ്. ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ആന( കോൺഗ്രസ്) ഉണർന്നെണീറ്റു, നടക്കുന്നു എന്ന് എല്ലാവരും അറിഞ്ഞതിൽ താൻ സന്തോഷവാനാണ്. എല്ലാ പാർട്ടികളും കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ബിജെപിയും ആർഎസ്എസും ആക്രമണോത്സുകത കാണിക്കുന്ന കോൺഗ്രസിനെ കണ്ടിട്ടില്ല. ഒരു കാര്യം വ്യക്തമാക്കാം. നിങ്ങൾ കാണിച്ചാൽ ഞങ്ങൾ ഇരട്ടി കാണിക്കും. മതം, ജാതി, ഭാഷ എന്നിങ്ങനെ വിഭജിച്ചു കഴിഞ്ഞ ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു.