- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് ഒപ്പമല്ല, കേന്ദ്ര സർക്കാരിന്റെ കൂടെയാണ് കോൺഗ്രസ്; മുൻ കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് സ്വന്തം അഭിപ്രായം വച്ചുപുലർത്താൻ അവകാശമെങ്കിലും, ആ കാഴ്ചപ്പാടിനോട് പാർട്ടിക്ക് യോജിപ്പില്ല; രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളെ വിട്ടയച്ചതിന് എതിരെ പുനഃ പരിശോധന ഹർജി നൽകുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ചതിന് എതിരെ പുനപരിശോധന ഹർജി നൽകാൻ ഉറച്ച് കോൺഗ്രസ്. ഇക്കാര്യത്തിൽ, സോണിയ ഗാന്ധിയുടെ നിലപാടല്ല കോൺഗ്രസിന് എന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
' സോണിയ ഗാന്ധിക്ക് സ്വന്തം അഭിപ്രായം വച്ചുപുലർത്താൻ അവകാശമുണ്ട്. എന്നൽ, എല്ലാ ആദരവോടു കൂടി തന്നെ പാർട്ടി ആ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല, ഈ വിഷയത്തിൽ കോൺഗ്രസിന്റെയും കേന്ദ്ര സർക്കാരിന്റെയും കാഴ്ചപ്പാടുകൾ ഒരുപോലെയാണ്. പാർട്ടി വർഷങ്ങളായി സോണിയ ഗാന്ധിയുടെ അഭിപ്രായത്തോട് വിയോജിച്ചുതന്നെയാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്,' അഭിഷേക് മനു സിങ്വി പറഞ്ഞു. പ്രതികളെ ജയിൽ മുക്തരാക്കണമെന്ന നിലപാടാണ് സോണിയ സ്വീകരിച്ചിരുന്നത്.
രാജീവ് ഗാന്ധിയുടെ കൊലപാതകം മറ്റുകുറ്റകൃത്യങ്ങൾ പോലെയായിരുന്നില്ല. ഇതൊരു ദേശീയപ്രശ്നമാണ്, പ്രാദേശിക കൊലപാതകമല്ല എന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.
.ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക് സിങ്വി ചോദിച്ചു. മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങൾ മാനദണ്ഡമാക്കുമോ. രാജീവ് ഗാന്ധി വധക്കേസിലെ വിധി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തമിഴ്നാട് സർക്കാരിന്റെ നിലപാടായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയർത്തി പിടിക്കണമായിരുന്നു. കോൺഗ്രസ് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായി നേരിടും. ഗാന്ധി കുടുംബത്തിന്റെയും തമിഴ്നാട് സർക്കാരിന്റെയും നിലപാടല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും മോചിതരാകും.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മെയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണു തീരുമാനം.
നളിനി ഉൾപ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളും ഇതോടെ മോചിതരായി. പേരറിവാളന്റെ മോചനം മറ്റുള്ളവർക്കും ബാധകമാണെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.ജസ്റ്റിസുമാരായ ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കേസ് ഇന്ന് പരിഗണിച്ചത്. ഈ കേസിൽ ജയിലിൽ കഴിയുന്ന 6 പേരുടെ നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്നാട് സർക്കാരും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി കേസിൽ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേർക്കും ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്.
പേരറിവാളനെ വിട്ടയയ്ക്കാനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു സമാനമായി ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്നു നിരീക്ഷിച്ചായിരുന്നു ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്. പേരറിവാളന്റെ വിഷയത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചനം തേടുകയാണെങ്കിൽ, നളിനിക്കു സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2000ൽ നളിനിയുടെയും 2014 ൽ പേരറിവാളൻ ഉൾപ്പെടെ മൂന്നു പേരുടെയും വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ