- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ സംഭവിച്ചത് മധ്യപ്രദേശിലും ആവർത്തിക്കും; കോൺഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും 150 സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി; കോൺഗ്രസ് ദിവാസ്വപ്‌നം കാണുന്നത് തുടരട്ടെയെന്ന് ബിജെപിയും
ന്യൂഡൽഹി: കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. മധ്യപ്രദേശിലെ നേതാക്കളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിൽ, അതെല്ലാമുണ്ട്. വരുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് 150 സീറ്റ് നേടും, രാഹുൽ പറഞ്ഞു. ' ഞങ്ങൾ വളരെ സുദീർഘമായ ചർച്ചയാണ് നടത്തിയത്. കർണാടകയിൽ 136 സീറ്റ് കിട്ടുമെന്ന കണക്കൂകൂട്ടിൽ ശരിയായി. മധ്യപ്രദേശിൽ, ഞങ്ങൾക്ക് 150 സീറ്റ് കിട്ടും. കർണാടകത്തിൽ സംഭവിച്ചത് മധ്യപ്രദേശിലും ആവർത്തിക്കും' രാഹുൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, മധ്യപ്രദേശ് മുന്മുഖ്യമന്ത്രിയും, സംസ്ഥാന അദ്ധ്യക്ഷനുമായ കമൽനാഥ്, എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ കർണാടകയിലെ പോലെ തന്നെ പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന തീരുമാനമാണ് ഉണ്ടായത്. അഗർവാളും, കമൽനാഥും ഇക്കാര്യം മാധ്യമപ്രവർത്തകരോട് ശരിവച്ചു.
മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം സുപ്രധാനമായിരുന്നുവെന്ന് കമൽനാഥ് പറഞ്ഞു. കർണാടകത്തിലെ പോലെ പാർട്ടി വാഗ്ദാന പെരുമഴ നടത്തുമോ എന്നുചോദിച്ചപ്പോൾ, നാരി സമ്മാൻ യോജനയിലൂടെ അത്തരത്തിൽ ഒരുതുടക്കമിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ചില വാഗ്ദാനങ്ങൾ ഞങ്ങൾ മുന്നോട്ടുവച്ചു, മറ്റുചിലത് ഭാവിയിൽ പ്രഖ്യാപിക്കും. എല്ലാ കൂടി ഒറ്റയടിക്ക് പ്രഖ്യാപിക്കാനാവില്ല' കമൽ നാഥ് പറഞ്ഞു.
അതേസമയം, മധ്യപ്രദേശിൽ, ബിജെപി 200 ൽ അധികം സീറ്റ് നേടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ചു. കോൺഗ്രസ് ദിവാസ്വപ്‌നം കാണുന്നത് തുടരട്ടേയെന്നും ചൗഹാൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ