റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കില്ല. നാമനിർദ്ദേശത്തിലൂടെ പുതിയ പ്രവർത്തക സമിതിയെ കണ്ടെത്താൻ പാർട്ടി പ്ലീനത്തിന് മുന്നോടിയായി നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന് താൽപ്പര്യമുള്ളവർ മാത്രമേ പ്രവർത്തക സമിതിയിൽ എത്തുകയുള്ളൂവെന്ന് വ്യക്തമായി. സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പങ്കെടുത്തുമില്ല. തെരഞ്ഞെടുപ്പ് ഒഴിവാകുമ്പോൾ ശശി തരൂരിനെ പോലുള്ള നേതാക്കൾക്ക് പ്രവർത്തക സമിതിയിൽ എത്താനുള്ള അവസരം ഇല്ലാതാവുകയാണ്. പ്രവർത്തക സമിതിയിൽ ആരെങ്കിലും അട്ടിമറി വിജയം നേടുന്നത് തടയാൻ കൂടിയാണ് ഈ തീരുമാനം.

മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും യോഗത്തിനില്ല. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലായിരുന്നു സ്റ്റിയറിങ് കമ്മറ്റി യോഗം. മൽസരമുണ്ടായാൽ ശശി തരൂരും രമേശ് ചെന്നിത്തലയുമടക്കമുള്ള പ്രമുഖർ രംഗത്തിറങ്ങിയേക്കും എന്ന് സൂചനയുണ്ടായിരുന്നു. യോഗത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾക്ക് ഏകദേശ രൂപമായി. രാഹുൽ ഗാന്ധി നാളെ മാത്രമേ റായ്പൂരിൽ എത്തൂ. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വെല്ലുവിളികൾ നേരിടുന്നതിനു കോൺഗ്രസിനെ സജ്ജമാക്കാൻ ലക്ഷ്യമാണ് 85ാം പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കമാകുന്നത്.

പ്‌ളീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള സ്റ്റിയറിങ് കമ്മറ്റിയാണ് നിർണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോൾ തന്ന പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്. പാർട്ടിയിൽ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നൽകാനായി. എന്നാൽ ലോക്‌സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു മത്സരം പാർട്ടിയിൽ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി.

പി ചിദംബരം, അജയ് മാക്കൻ തുടങ്ങിയ നേതാക്കൾ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാർജ്ജുൻ ഖാർഗെ പ്രഖ്യാപിക്കുകയായിരുന്നു. തീരുമാനത്തെ സ്വാധീനിക്കാൻ ഗാന്ധി കുടുംബവും ഉണ്ടായിരുന്നില്ല. എന്നാൽ കെസി വേണുഗോപാൽ അടക്കമുള്ളവർ നാമനിർദ്ദേശത്തിനൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഗാന്ധി കുടുംബവും തെരഞ്ഞെടുപ്പിനെ അനുകൂലിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. ഇനി രാഹുലിന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ പിന്നീട് നാമനിർദ്ദേശം ചെയ്യും.

പട്ടികയിൽ ഇടം ലഭിച്ചില്ലെങ്കിൽ ശശി തരൂർ, സച്ചിൻ പൈലറ്റ് എന്നിവരടക്കമുള്ളവർ ഭാവിയിൽ കടുത്ത തീരുമാനങ്ങളിലേക്കു പോകാനുള്ള സാധ്യത നിലനിൽക്കുന്നു. ഇരുവരുടെയും സേവനം പാർട്ടി ഉപയോഗപ്പെടുത്തണമെന്നു സോണിയ ഗാന്ധിക്കും പ്രിയങ്കയ്ക്കും അഭിപ്രായമുണ്ട്. എന്നാൽ, ദേശീയ നേതൃത്വത്തിന്റെ ഭൂരിപക്ഷാഭിപ്രായം തള്ളി അവർക്കു വേണ്ടി വാദിക്കാൻ പരസ്യമായി സോണിയയും പ്രിയങ്കയും തയ്യാറല്ല. പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും ഉണ്ടെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിൽ തെളിയുന്നത് എന്നാണ് സൂചന.

പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇത് പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്ന ഭൂരിപക്ഷ അഭിപ്രായത്തോടെ വോട്ടവകാശം അപ്രസക്തമാക്കി.

പ്ലീനത്തിൽ പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.