- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംയുക്ത പോരാട്ടത്തിനായി ആം ആദ്മി പാർട്ടിയും കോൺഗ്രസും
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംയുക്ത പോരാട്ടത്തിനായി ആം ആദ്മി പാർട്ടിയും കോൺഗ്രസും അഞ്ചുസംസ്ഥാനങ്ങളിൽ സീറ്റു ധാരണയിലെത്തി. ഡൽഹിയിൽ 4: 3 അനുപാതത്തിലാണ് സീറ്റ് പങ്കിടുന്നത്. ഗുജറാത്ത്, ഹരിയാന, ഗോവ, ഛണ്ഡിഗഡ് സംസ്ഥാനങ്ങളിലും സീറ്റ് ധാരണയായി.
ഡൽഹിയിൽ കെജ്രിവാളിന്റെ പാർട്ടി ഏഴിൽ നാല് സീറ്റിൽ മത്സരിക്കും. വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് എഎപി മത്സരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്നി ചൗക്ക് എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസും. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഏഴുസീറ്റിലും ജയിച്ചിരുന്നു. അന്ന് കോൺഗ്രസും എഎപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോൺഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ൽ കോൺഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ൽ ഏഴ് സീറ്റും കോൺഗ്രസിനായിരുന്നു.
ഇരുപാർട്ടികളും സംയുക്ത വാർത്താ സമ്മേളനത്തിലാണ് സീറ്റ് ധാരണ പ്രഖ്യാപിച്ചത്. ഛണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ എഎപി-കോൺഗ്രസ് സഖ്യ വിജയത്തിന് ശേഷമുള്ള പുതിയ ധാരണ ഇന്ത്യ സഖ്യത്തിന് ആവേശം പകരുന്നതാണ്. ആം ആദ്മി പാർട്ടിയും കോൺഗ്രസും തങ്ങളുടെ ചിഹ്നത്തിൽ വോട്ട് തേടുമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് വാസ്നിക് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിനെതിരായ പ്രതികൂല വെല്ലുവിളികളെ ചെറുക്കാനാണ് സീറ്റ് പങ്കിടൽ കരാർ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കോൺഗ്രസ്, എഎപി സീറ്റ് പങ്കിടൽ
ഗുജറാത്തിൽ, ആകെയുള്ള 26 സീറ്റുകളിൽ 24 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. രണ്ടു സീറ്റിൽ, ബറുച്ച്, ഭാവ്നഗർ, എഎപി മത്സരിക്കും. ഹരിയാനയിൽ കോൺഗ്രസ് ഒമ്പത് ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുമ്പോൾ എഎപി കുരുക്ഷേത്രയിലും മാറ്റുരയ്ക്കും. ഗോവയിലെ രണ്ട് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഛണ്ഡിഗഡിലെ ഏക മണ്ഡലത്തിലും കോൺഗ്രസ് മത്സരിക്കും. പഞ്ചാബിൽ 13 ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഭരണകക്ഷിയായ എഎപി നേരത്തെ പറഞ്ഞിരുന്നു.
സൗത്ത് ഗോവയിൽ എഎപി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് സഖ്യകക്ഷിക്ക് വേണ്ടി പിൻവലിച്ചു.