തിരുവനന്തപുരം: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ നാളെ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും.ഡൽഹിയിൽ കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു.

നാഷണൽ ഹെറാൾഡ് കോൺഗ്രസിന്റേത് മാത്രമാണ്. നെഹ്‌റുവിന്റെ സ്മരണ പോലും ബിജെപിയെ വിറളി പിടിപ്പിക്കുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പാപ്പരത്തമാണ് ഇപ്പോൾ നടക്കുന്നത്. ബിജെപിയുടെ തനി നിറം തുറന്ന് കാണിക്കുന്ന സമരങ്ങൾ കോൺഗ്രസ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാനുള്ള എഐസിസി തീരുമാനമെന്നും കെ സുധാകരൻ പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ കോൺഗ്രസ് പ്രതിഷേധം ഡൽഹിയിൽ ഇന്നും സംഘർഷത്തിലേക്ക് നയിച്ചു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. കോൺഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, എഐസിസി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

രാഹുലിന്റെ ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കടുത്തതോടെ ജെബി മേത്തർ അടക്കമുള്ള മഹിളാ കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ബസിനുള്ളിൽ വെച്ച് പൊലീസ് മർദ്ദിച്ചെന്ന് ജെബി മേത്തർ ആരോപിച്ചു.

അതേസമയം, നാളെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡൽഹിയിലെ എഐസിസി ഓഫീസിൽ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. എല്ലാ പാർട്ടി എംപിമാരോടും ഉടൻ ഡൽഹിയിൽ എത്താൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകി. നാളെ സംസ്ഥാന രാജ്ഭവനുകൾ ഉപരോധിക്കുന്നതിന് പുറമേ വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഡി ഓഫിസിനു മുന്നിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇഡി ഓഫിസിനു മുന്നിൽ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു.

സർക്കാരിന്റെ ഉത്തരവനുസരിച്ചുള്ള പൊലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു. എഐസിസി ഓഫീസിനകത്ത് അതിക്രമിച്ചു കയറി പാർട്ടി പ്രവർത്തകരെ തല്ലിച്ചതച്ചു. ഡൽഹി പൊലീസിന്റെ നടപടി അതിരുകടന്ന ഗുണ്ടായിസമാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും, ശക്തമായി തിരിച്ചടിക്കുമെന്നും സുർജേവാല പറഞ്ഞു.

ഇന്നലെയും രാഹുൽ ഗാന്ധിയുടെ ചോദ്യംചെയ്യലിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയാണ് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയെ ഇന്നലെ ഇഡിക്ക് മുൻപിൽ എത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂർ നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യൽ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നൽകിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വാദം. ഡോടെക്‌സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുൽ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നൽകിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.