ന്യൂഡൽഹി: കോൺഗ്രസിന് തെരഞ്ഞെടുപ്പുകാല ആശ്വാസം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് നികുതി കുടിശ്ശിക ഉടൻ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും തെരഞ്ഞെടുപ്പു കാലത്തേക്ക് പരിഗണിക്കും.

പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ബി.വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹർജി.

അതേസമയം 3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റർ ജനറൽ, വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞു. 135 കോടിയിടെ സ്വത്തുക്കൾ ഇപ്പോൾ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജൂലായ് 24-ലേക്ക് മാറ്റി.

ആദായ നികുതി വകുപ്പിൽ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസായിരുന്നു കോൺഗ്രസിന് ലഭിച്ചത്. 11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് സിപിഐയ്ക്കും നോട്ടീസയച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.

നേരത്തെ നാല് നോട്ടീസുകൾ കോൺഗ്രസിന് ആദായ നികുതി വകുപ്പ് അയച്ചിരുന്നു. 1,700 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസവും കോൺഗ്രസിന് ആദായനികുതി നോട്ടീസ് അയച്ചിരുന്നു. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.അതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇൻകം ടാക്‌സ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസിനെ വലിയ സമ്മർദത്തിലാക്കുന്ന നീക്കമാണ് ആദായ നികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.