ന്യൂഡൽഹി: ബിജെപി സീറ്റു നൽകാത്ത വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനുമാണെന്ന് ചാധരി പറഞ്ഞു. അദ്ദേഹം കോൺഗ്രസിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപിയുടെ സിറ്റിങ് എംപിയാണ് വരുൺ. എന്നാൽ ഇത്തവണ അദ്ദേഹത്തിന് ബിജെപി ടിക്കറ്റ് നൽകിയിരുന്നില്ല. കേന്ദ്രത്തെയും യോഗി സർക്കാറിനെയും വിമർശിച്ചതിന്റെ പേരിലാണ് നടപടികൾ.

പാർട്ടിക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുന്ന നേതാവായിരുന്നു വരുൺ ഗാന്ധി. അതുകൊണ്ട് തന്നെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. വരുൺ ഗാന്ധിക്ക് പകരം സംസ്ഥാന മന്ത്രി ജിതിൻ പ്രസാദിനെയാണ് ബിജെപി പിലിഭിത്തിൽ മത്സരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.

ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിലാണ് വരുണിന് ടിക്കറ്റ് നിഷേധിച്ചതെന്ന് ചൗധരി ആരോപിച്ചു. 'അദ്ദേഹം കോൺഗ്രസിൽ ചേരണം, പാർട്ടിയിൽ ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. വരുൺ വിദ്യാസമ്പന്നനാണ്. അദ്ദേഹത്തിന് ക്ലീൻ ഇമേജ് ഉണ്ട്. ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചത്. അദ്ദേഹം കോൺഗ്രസിലേക്ക് വരണമെന്ന് താൻ കരുതുന്നു'-അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

അതേസമയം ബിജെപി സീറ്റ് നൽകാത്ത വരുൺ വരുൺ സമാജ്വാദി പാർട്ടിയിൽ (എസ്‌പി) ചേരാനുള്ള സാധ്യതയും അടുത്തിടെ ഉയർന്നു കേട്ടിരുന്നു. സുഹൃത്തായ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് മാത്രമല്ല, കോൺഗ്രസ് നേതാക്കളും വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത. എന്നാൽ, ഉടനെയൊരു തീരുമാനത്തിനു താൽപര്യമില്ലെന്ന് വരുൺ നേതാക്കളോടു പറഞ്ഞതായാണ് സൂചന. അമ്മ ബിജെപി സ്ഥാനാർത്ഥിയാണെന്നതും പാർട്ടിയെ എതിർക്കാൻ ശ്രമിച്ചവരുടെ ചരിത്രവും കാരണങ്ങളാണ്. അമ്മയുടെ കാര്യമോർത്ത് മൗനത്തിലാണ് ഇപ്പോൾ വരുൺ.

2004 ലാണ് മേനകയും വരുണും ബിജെപിയിൽ ചേർന്നത്. സഞ്ജയ് ഗാന്ധിയുടെ പുത്രൻ 2013 ൽ 33ാം വയസ്സിൽ ബിജെപി ജനറൽ സെക്രട്ടറിയായത് ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന സവിശേഷതയോടെയാണ്. 2004 മുതൽ അമ്മയ്ക്കും 2009 മുതൽ മകനും ബിജെപി ടിക്കറ്റ് നൽകി, 2 പേരും തുടർച്ചയായി ജയിച്ചു. മേനക ആദ്യ മോദി സർക്കാരിൽ മന്ത്രിയായി.

യുപി മുഖ്യമന്ത്രിയാവാൻ താൻ യോഗ്യനെന്ന് 2016 ൽ വരുണിനു തോന്നി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രയാഗ്രാജിൽ നടന്ന ബിജെപി ദേശീയ നിർവാഹക സമിതിയുടെ വേദിക്കു സമീപം മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവർക്കൊപ്പം വരുണിന്റെയും മുഖമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അതിന്റെ സൂചനയായിരുന്നു. ബിജെപിയുടെ സർവേയിൽ പാർട്ടിക്കുള്ളിൽ വരുണിന് പിന്തുണയുണ്ടെന്നു ബോധ്യപ്പെട്ടതുമാണ്.

അന്നു തഴയപ്പെട്ടതിന്റെ രോഷം വരുൺ പരമാവധി പ്രകടിപ്പിച്ചു: മോദിയുടെ നയങ്ങളെ വിമർശിച്ചു, കർഷക സമരത്തെ പിന്തുണച്ചു, യുപി സർക്കാർ മദ്യ വിൽപനയിലൂടെ വരുമാനം വർധിപ്പിക്കുന്നതിനെ പരിഹസിച്ചു, രാജ്യത്തെ തൊഴിലില്ലായ്മയിൽ ആശങ്കപ്പെട്ടു. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ടിക്കറ്റ് ലഭിച്ചു. 2021 ൽ അമ്മയെയും മകനെയും പാർട്ടി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കി. എങ്കിലും അമ്മ പാർട്ടിക്കും നേതാവിനുമെതിരെ തിരിഞ്ഞില്ല, പാർലമെന്ററി പാർട്ടി യോഗങ്ങളിലും ലോക്‌സഭയിലും കൃത്യമായി പങ്കെടുത്തു. മകൻ അങ്ങനെയൊരു അച്ചടക്കംപോലും കാണിച്ചില്ലെന്നതും രണ്ടുതരം പരിഗണനയ്ക്ക് കാരണമായെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.