- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രിക വിശദീകരിക്കാൻ സമയം തേടി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. കോൺഗ്രസിന്റെ 'ന്യായ് പത്ര' യുവാക്കൾക്കും, വനിതകൾക്കും, കർഷകർക്കും, തൊഴിലാളികൾക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കും ജാതി-സമുദായഭേദമെന്യേ നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ഖാർഗെ പറഞ്ഞു.
'ഞങ്ങളുടെ പ്രകടന പത്രികയിൽ പറയാത്ത കാര്യങ്ങളെ കുറിച്ചുപോലുമാണ് താങ്കളുടെ ഉപദേഷ്ടാക്കൾ തെറ്റിദ്ധരിപ്പിക്കുന്നത്. വ്യക്തിപരമായി താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ എനിക്ക് സന്തോഷമേയുള്ളു. അതുകൊണ്ട് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് മേലിൽ തെറ്റായ പ്രസ്താവനകൾ പുറപ്പെടുവിക്കാതെയിരിക്കാം', ഖാർഗെ കത്തിൽ പറഞ്ഞു.
ചില വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ സമീപകാല പ്രസംഗങ്ങളിൽ അദ്ദേഹം ഉപയോഗിച്ച ഭാഷ കേട്ട് തനിക്ക് ഞെട്ടലോ, അദ്ഭുതമോ ഇല്ലെന്നും ഖാർഗെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലെ ബിജെപിയുടെ മോശം പ്രകടനം കണ്ട ശേഷം ഇങ്ങനെയൊക്കെ താങ്കളും മറ്റു നേതാക്കളും സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.
ദരിദ്രരുടെയും അവരുടെ അവകാശങ്ങളെയും കുറിച്ചാണ് കോൺഗ്രസ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. താങ്കൾക്കും താങ്കളുടെ സർക്കാരിനും ദരിദ്രരോടൊ പാർശ്വവത്കരിക്കപ്പെട്ടവരോടോ താൽപര്യം ഇല്ലെന്ന് ഞങ്ങൾക്ക് അറിയാം.
ശമ്പളവരുമാനക്കാർ ഉയർന്ന നികുതി അടയ്ക്കുമ്പോൾ, താങ്കളുടെ സ്യൂട്ട് ബൂട്ട് കി സർക്കാർ കോർപറേറ്റുകൾക്ക് നികുതി കുറച്ചുകൊടുക്കുകയാണ്. ഭക്ഷണത്തിനും ഉപ്പിനും വരെ പാവങ്ങൾ ജിഎസ്ടി അടയ്ക്കുന്നു. അതേസമയം, സമ്പന്നരായ കോർപറേറ്റുകൾ ജിഎസ്ടി റീഫണ്ടുകൾ അവകാശപ്പെടുന്നു. അതുകൊണ്ടാണ് ഞങ്ങൾ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നത്. താങ്കൾ അത് മനഃപൂർവം ഹിന്ദു-മുസ്ലിം വിഷയമാക്കുകയാണ്.
ഞങ്ങളുടെ പ്രകടന പത്രിക, ഹിന്ദുക്കളാകട്ടെ, മുസ്ലീങ്ങളോ, ക്രൈസ്തവരോ, സിഖുകാരോ, ജൈനന്മാരോ, ബുദ്ധമതക്കാരോ ആവട്ടെ, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ്, ഖാർഗെ പറഞ്ഞു.
തിരഞ്ഞെടുപ്പ് റാലികളിൽ സമ്പത്ത് പുനർവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രകടന പത്രിക ഉദാഹരിച്ച് മോദി ശക്തമായി ആഞ്ഞടിച്ചിരുന്നു. കോൺഗ്രസിന്റെ ലക്ഷ്യം ആളുകളുടെ പരമ്പരാഗത സ്വത്ത് തട്ടിയെടുത്ത് പ്രത്യേക ആളുകൾക്ക് വിതരണം ചെയ്യലാണെന്നും മോദി വിമർശിച്ചിരുന്നു. രാജസ്ഥാനിലെ ഒരു പ്രസംഗം വലിയ വിവാദമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഖാർഗെയുടെ കത്ത്.