ന്യൂഡൽഹി: തനിക്ക് സജീവ രാഷ്ടീയത്തിൽ ചേരാനും അമേഠിയിൽ സ്മൃതി ഇറാനിക്ക് എതിരെ മത്സരിക്കാനും താൽപര്യം ഉണ്ടെന്ന് സൂചിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും, വ്യവസായിയുമായ റോബർട്ട് വാദ്ര ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ മോഹം കോൺഗ്രസ് മുളയിലെ നുള്ളിയെന്നാണ് സൂചന. അമേഠിയിൽ റോബർട്ട് വധേരക്ക് കോൺഗ്രസ് സീറ്റ് നൽകില്ല. പ്രിയങ്ക അമേഠിയിലും രാഹുൽ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാട് കോൺഗ്രസ് സ്വീകരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വാദ്രയുടെ പ്രസ്താവന അനാവശ്യമെന്നും കോൺഗ്രസ് വിലയിരുത്തി.

താനൊരു എംപിയാകാൻ തീരുമാനിച്ചാൽ അത് അവരുടെ മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് അമേഠിയിലെ ജനങ്ങൾ പ്രതീക്ഷിക്കുമെന്നായിരുന്നു റോബർട്ടിന്റെ പ്രതികരണം. അമേഠി എംപി സ്മൃതി ഇറാനിയെയും റോബർട്ട് വാദ്ര കടന്നാക്രമിച്ചു. ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നതിൽ മാത്രമാണ് കേന്ദ്രമന്ത്രി സ്മതി ഇറാനിയുടെ ശ്രദ്ധയെന്നും ജനങ്ങളുടെ ക്ഷേമമോ മണ്ഡലത്തിന്റെ വികസനമോ അവരെ ബാധിക്കുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

'വർഷങ്ങളായി റായ്ബറേലി, സുൽത്താൻപൂർ, അമേഠി മണ്ഡലങ്ങളുടെ വികസനത്തിനായി ഗാന്ധി കുടുംബം കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷെ, നിലവിലെ എംപിയെ കൊണ്ട് അമേഠിയിലെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. അവരെ തിരഞ്ഞെടുത്തതിലൂടെ അബദ്ധം പിണഞ്ഞെന്ന് ജനം മനസ്സിലാക്കുന്നു' എന്നും റോബർട്ട് വാദ്ര പറഞ്ഞു.

'അമേഠിയിലെ ജനങ്ങൾക്ക് തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് തോന്നുമ്പോൾ, ഗാന്ധി കുടുംബം തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് എന്നെ വേണമെങ്കിൽ അവർ കോൺഗ്രസിനെ വിജയിപ്പിക്കും' എന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു. 2022 ഏപ്രിലിലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ റോബർട്ട് വാദ്ര നൽകിയിരുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താൻ രാഷ്ട്രീയത്തിലേക്ക് വരാമെന്നായിരുന്നു അന്നും പ്രതികരിച്ചത്. 2019 ലെ പൊതു തിരഞ്ഞെടുപ്പ് ഘട്ടത്തിലും റോബർട്ട് വാദ്രയുടെ പേര് ഉയർന്നുകേട്ടിരുന്നു, എന്നാൽ തനിക്കെതിരായ അഴിമതിക്കേസ് നിന്നും വിമുക്തനാകുന്നതുവരെ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലായെന്നായിരുന്നു പ്രതികരണം.

വയനാടിന് പുറമേ അമേഠിയിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം പ്രതീക്ഷിച്ചിരിക്കെയാണ് വാദ്രയുടെ അപ്രതീക്ഷിത എൻട്രി. ഇരുമണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.