- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി; കേരളത്തിലെ 310 ൽ 294 പേർ വോട്ട് ചെയ്തു; ഒൻപത് പേർ രോഗബാധിതർ; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ; എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനം പോളിങ്ങ്; ഡൽഹിയിലും രാജസ്ഥാനിലും 90 ശതമാനത്തിലേറെ; ഫലം മറ്റന്നാൾ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ആകെ തൊണ്ണൂറ് ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. മല്ലികാർജുൻ ഗാർഖെയും ശശി തരൂരും നേർക്കുനേർ പോരാടിയ മത്സരത്തിന്റെ ഫലം മറ്റന്നാൾ അറിയാം. കേരളത്തിൽ 95.66 ശതമാനാണ് പോളിങ്ങ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളി വോട്ട് രേഖപ്പെടുത്തിയില്ല. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്ങ്. ഡൽഹിയിലെയും രാജസ്ഥാനിലെയും പിസിസികളിൽ 90 ശതമാനത്തിലധികമാണ് പോളിങ്ങ്.
കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ ആകെ 310 പേരുള്ളതിൽ 294 പേർ വോട്ട് ചെയ്തു..ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളവിൽ കഴിയുന്ന പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാൻ വന്നില്ല. വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, പ്രതപവർമ തമ്പാൻ എന്നിവർ മരിച്ചു.കരകുളം കൃഷ്ണപിള്ളയും, വി എം സുധീരനും സ്ഥലത്തില്ലാത്തതിനാൽ വോട്ട് ചെയ്തില്ല. .ടി.എച്ച് മൂസ്ത്ഫ, വയലാർ രവി, പിപി തങ്കച്ചൻ, കേ.പി വിശ്വനാഥൻ എന്നിവരടക്കം ഒൻപത് പേർ അനാരോഗ്യം മൂലം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. പേരിലെ സാങ്കേതിക പ്രശ്‌നമായിരുന്നു കാരണം. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന
ഷാനിമോൾ ഉസ്മാൻ ( ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്‌നാട്), ജോൺസൺ ഏബ്രഹാം (കർണാടക), രാജ്‌മോഹൻ ഉണ്ണിത്താൻ (തെലങ്കാന.) ഹൈബി ഈഡൻ എന്നിവർ അതത് സ്ഥലങ്ങളിൽ വോട്ട് ചെയ്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി കർണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാണ് വോട്ട് ചെയ്തത്. എഐസിസിയിലും, പിസിസി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ബാലറ്റുകൾ ഒക്ടോബർ 18-ന് ഡൽഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണൽ.കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താൻ പോകുന്നത്.
ശശി തരുർ തിരുവനന്തപുരത്തും മല്ലികാർജുൻ ഗാർഖെ ബംഗളുരുവിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂർ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ പ്രതികരിച്ചിരുന്നു. ഇന്നത്തേത് കോൺഗ്രസ് പ്രവർത്തകരുടെ ദിവസമാണ്. പ്രചാരണത്തിന്റെ 16 ദിവസവും ആത്മാർത്ഥമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. പാർട്ടി പ്രവർത്തകരാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ തരൂർ ആത്മാർത്ഥതോടെ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് നന്ദിയുമറിയിച്ചു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാൻ പുതിയൊരു ഊർജം ആവശ്യമാണെന്നും ഭാരത് ജോഡോ യാത്രയെ പോലെ ഈ തെരഞ്ഞെടുപ്പും പാർട്ടിയെ പുനർജീവനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും വിശദീകരിച്ച തരൂർ, അതിന് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.
''ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചത്.അത് തന്നെയായിരുന്നു നമുക്ക് വേണ്ടത്. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. പ്രവർത്തകർക്ക് അത്തരമൊരു രീതി പരിചിതമല്ല. അതിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരു ഇളക്കമുണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ