- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെങ്കോട്ടയിൽ വിലക്ക് മറികടന്ന് കോൺഗ്രസിന്റെ പ്രതിഷേധം; പന്തംകൊളുത്തി പ്രകടനം തടഞ്ഞതോടെ മൊബൈൽ ഫ്‌ളാഷ് തെളിച്ച് പ്രവർത്തകർ; സംഘർഷം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; വാഹനം തടഞ്ഞു പ്രതിഷേധക്കാർ
ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിൽ കോൺഗ്രസിന്റെ പ്രതിഷേധം. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കറുത്ത വസ്ത്രമണിഞ്ഞ് ചെങ്കോട്ടയിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം ആളിക്കത്തി.
പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.രാത്രി 7 മണിയോടെയാണ് പന്തം കൊളുത്തി പ്രതിഷേധത്തിനായി കോൺഗ്രസ് പ്രവർത്തകർ ചെങ്കോട്ടയിലേക്കെത്തിയത്. എന്നാൽ, പന്തംകൊളുത്തി പ്രകടനം നടത്തിയാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മാർച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു.
കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തവരെ കൊണ്ടുപോകുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞു. പി.ചിദംബരം അടക്കമുള്ള നേതാക്കൾ ചെങ്കോട്ടയിലെത്തിയിരുന്നു.
മുതിർന്ന നേതാവ് ജെ.പി. അഗർവാളും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടും. ഗുണ്ടാരാജാണ് നടക്കുന്നതെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു. ആദ്യം മുദ്രാവാക്യം വിളിച്ച് റോഡിലിരുന്ന പ്രവർത്തകർ പിന്നീട് പന്തംകൊളുത്തി എത്തി. തുടർന്ന് പ്രവർത്തകരുടെ പന്തം പിടിച്ചുവാങ്ങി പൊലീസ് അണച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ പ്രദേശമാണെന്നത് പന്തംകൊളുത്തി പ്രകടനം നടത്തുന്നതിനെ എതിർക്കാൻ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടി. തുടർന്ന് പ്രവർത്തകർ മൊബൈൽ ഫ്‌ളാഷ് തെളിച്ച് പ്രതിഷേധിച്ചു. എന്നാൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷനും പ്രവർത്തകസമിതി അംഗങ്ങളും ഉൾപ്പെടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കും. ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടികളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഡിസിസികളുടെ നേതൃത്വത്തിൽ പിന്നാക്ക വിഭാഗങ്ങൾ പ്രതിഷേധിക്കും. ഏപ്രിൽ എട്ടു വരെ ജയ് ഭാരത് സത്യഗ്രഹ സമരം നടക്കും. പ്രതിഷേധം ബുധനാഴ്ച ആരംഭിക്കും. ദേശീയ തലത്തിലെ സത്യാഗ്രഹം ഏപ്രിൽ എട്ടിന് സമാപിക്കും.
തുടർന്ന് ഏപ്രിൽ 15 മുതൽ 20 വരെ ജില്ലാതലത്തിലും ഏപ്രിൽ 20 മുതൽ 30 വരെ സംസ്ഥാന തലത്തിലും സത്യാഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹത്തിൽ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനമുണ്ട്. സഹകരിക്കാൻ കഴിയുന്ന പാർട്ടികളെ ക്ഷണിക്കാൻ ഡി.സി.സികൾക്ക് നിർദേശമുണ്ട്. സംസ്ഥാന തലത്തിലെ സത്യഗ്രഹത്തിൽ മുതിർന്ന നേതാക്കൾ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാർട്ടികൾക്ക് ക്ഷണമുണ്ടാവും.
ബുധനാഴ്ചയും ഏപ്രിൽ ഒന്നിനും സംഘടനയുടെ എസ്.സി./ എസ്.ടി./ ഒ.ബി.സി/ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തിൽ അംബേദ്കർ- ഗാന്ധി പ്രതിമകളുടെ മുമ്പിൽ പ്രതിഷേധം നടത്തും. ഏപ്രിൽ മൂന്നിന് യൂത്ത് കോൺഗ്രസിന്റേയും എൻ.എസ്.യു.ഐയുടേയും നേതൃത്വത്തിൽ പോസ്റ്റ്കാർഡ് പ്രതിഷേധവും മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധവും അരങ്ങേറും.
രാഹുൽ ഗാന്ധിക്കെതിരായ നടപടികൾക്ക് പുറമേ, മോദി- അദാനി സഖ്യത്തെ തുറന്നുകാട്ടുന്നതുമായിരിക്കും പ്രതിഷേധങ്ങളെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. അദാനിക്കെതിരായ വിമർശനങ്ങളൊന്നും കേൾക്കാൻ ബിജെപി. സർക്കാർ തയ്യാറാവുന്നില്ല. തങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിൽ എന്തുകൊണ്ടാണ് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണത്തിന് കേന്ദ്രം തയ്യാറാവാത്തതെന്നും അദ്ദേഹം ചോദിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ