ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞ് 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കി കോൺഗ്രസ്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന വൈറ്റ് പേപ്പർ (ധവളപത്രം) പുറത്തിറക്കാനിരിക്കെയാണ് കേന്ദ്ര പരാജയങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടാണ് 'ബ്ലാക്ക് പേപ്പർ' കോൺഗ്രസ് പുറത്തിറക്കിയത്.

'ദസ് സാൽ അന്യായ് കാൽ' എന്ന പേരിൽ പുറത്തിറക്കിയ ബ്ലാക്ക് പേപ്പറിൽ 10 വർഷമായി അധികാരത്തിലുള്ള മോദി സർക്കാറിന്റെ പരാജയങ്ങളും ബിജെപിയിതര സർക്കാരുകളെ അവഗണിക്കുന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിൽ രാജ്യം ഭരിച്ച യു.പി.എ സർക്കാറിന്റെ കാലത്തെ സാമ്പത്തിക വളർച്ചയെ മോദി സർക്കാറിന്റെ കാലത്തെ വളർച്ചയുമായി ബ്ലാക്ക് പേപ്പറിൽ താരതമ്യം ചെയ്യുന്നുണ്ട്.

തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങളിൽ ബിജെപി സർക്കാർ പരാജയമാണെന്ന് ബ്ലാക്ക് പേപ്പർ പുറത്തിറക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പാർലമെന്റിൽ സ്വയം പ്രകീർത്തിക്കുകയും പരാജയങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്നതിനാലാണ് കോൺഗ്രസ് ബ്ലാക്ക് പേപ്പർ പുറത്തിറക്കിയത്. കേന്ദ്രത്തിന്റെ ഭരണ പരാജയങ്ങൾ പറയാൻ പ്രതിപക്ഷത്തിന് അവസരം നൽകാത്തതിനാലാണ് വിവരങ്ങൾ പുറത്തുവിടുന്നത്.

ബിജെപി സർക്കാർ ഒരിക്കലും ചർച്ച ചെയ്യാത്ത തൊഴിലില്ലായ്മയെ കുറിച്ചുള്ള വിശദാംശങ്ങളും ബ്ലാക്ക് പേപ്പറിൽ ഉണ്ടെന്നും ഖാർഗെ വ്യക്തമാക്കി. ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്ത് സ്ഥാപിതമായ എച്ച്.എ.എൽ, ഭെൽ എന്നീ പൊതുമേഖല സ്ഥാപനങ്ങൾ സൃഷ്ടിച്ച തൊഴിലവസരങ്ങളെ കുറിച്ച് മോദി പരാമർശിക്കുന്നില്ല. ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനം കാണിക്കുകയും അവഗണിക്കുകയും ചെയ്യുകയാണ്.

രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 411 എംഎ‍ൽഎമാരെ ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചു. നിരവധി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചു. ബിജെപി രാജ്യത്ത് ജനാധിപത്യം അവസാനിപ്പിക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.