ന്യൂഡൽഹി: ബിജെപിയും മോദിയും ആരോപിക്കും പോലെ ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. സാംപിത്രോദയുടെ വാക്കുകൾ പ്രധാനമന്ത്രി അടക്കമുള്ളവർ പ്രചാരണയാധുമാക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ മറുപടി. പിന്തുടർച്ചാ സ്വത്ത് നികുതി(ഇൻഹെറിറ്റൻസ് ടാക്സ്)ക്കുവേണ്ടി ബിജെപി. എം പി വാദിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോയും ജയറാം രമേശ് പുറത്തുവിട്ടു.

നിലവിലെ എംപിയും ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ ധനകാര്യസഹമന്ത്രിയുമായിരുന്ന ജയന്ത് സിൻഹ സംസാരിക്കുന്ന വീഡിയോയാണ് അദ്ദേഹം പുറത്തുവിട്ടത്. 2013-ലെ ഫോബ്സ് ഇന്ത്യ ഫിലാൻത്രപി അവാർഡിൽ ജയന്ത് സിൻഹ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ജയറാം രമേശ് എക്സിൽ പങ്കുവെച്ചത്.

'പിന്തുടർച്ച സ്വത്ത് നികുതി നടപ്പാക്കാൻ കോൺഗ്രസിന് പദ്ധതികളില്ല. യഥാർഥത്തിൽ 1985-ൽ രാജീവ് ഗാന്ധിയാണ് എസ്റ്റേറ്റ് നികുതി റദ്ദാക്കിയത്', ജയറാം രമേശ് അവകാശപ്പെട്ടു. മോദി സർക്കാരിൽ ധനകാര്യസഹമന്ത്രിയും പിന്നീട് ധനകാര്യപാർലമെന്ററി സമിതിയുടെ ചെയർമാനുമായിരുന്ന ബിജെപി എം പി ജയന്ത് സിൻഹ, യു.എസിലേതുപോലെ ഇന്ത്യയിലും 55% പിന്തുടർച്ച സ്വത്ത് നികുതി നടപ്പാക്കുന്നതിന് വേണ്ടി 15 മിനിറ്റോളം വാദിച്ചുവെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. ഇതിനൊപ്പം ഫോബ്സിന്റെ ചടങ്ങിൽ ജയന്ത് സിൻഹ സംസാരിക്കുന്ന വീഡിയോയുടെ പൂർണ്ണരൂപത്തിന്റെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.

പിത്രോദ പറഞ്ഞത്

'ഇൻഹെറിറ്റൻസ് ടാക്സ് നയമനുസരിച്ച് നൂറ് ദശലക്ഷം ഡോളർ ആസ്തിയുള്ള ഒരാൾ മരണപ്പെട്ടാൽ അതിൽ 45 ശതമാനം സമ്പത്ത് മാത്രമാണ് അനന്തരവകാശികൾക്ക് ലഭിക്കുക ബാക്കി 55 ശതമാനം സർക്കാർ ഏറ്റെടുക്കും. നിങ്ങളും നിങ്ങളുടെ തലമുറയും ക്ഷേമത്തോടെ ജീവിച്ചു, ഇപ്പോൾ നിങ്ങൾ മടങ്ങുകയാണ്. നിങ്ങളുടെ സമ്പത്തിൽ ഒരു പങ്ക് പൊതുജനങ്ങൾക്കുള്ളതാണ്. ന്യായമായ കാര്യമാണിത് എന്നാണ് എന്റെ അഭിപ്രായം',- പിത്രോദ പറഞ്ഞു.

'എന്നാൽ, ഇന്ത്യയിൽ അത്തരത്തിൽ ഒരു നിയമം ഇല്ല. 10 ദശലക്ഷം ആസ്തിയുള്ള ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ മക്കൾക്കാണ് ആ 10 ദശലക്ഷവും ലഭിക്കുക. പൊതുജനങ്ങൾക്ക് ഒന്നും ലഭിക്കില്ല. ഇത്തരം പ്രശ്നങ്ങൾ ജനം ചർച്ചചെയ്യേണ്ടതുണ്ട്. സമ്പത്തിന്റെ പുനർവിതരണത്തേക്കുറിച്ച് ചർച്ചചെയ്യുമ്പോൾ നമുക്ക് പുതിയ നയങ്ങളേക്കുറിച്ചും പദ്ധതികളേക്കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടെയല്ല, ജനങ്ങളുടെ താൽപര്യത്തെ മുൻനിർത്തിയുള്ളതായിരിക്കും'- അദ്ദേഹം എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പിത്രോദയുടെ പ്രസ്താവന തള്ളി കോൺഗ്രസ്

പിത്രോദയുടെ പ്രസ്താവനയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തള്ളി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് രാജ്യത്ത് നടപ്പിലാക്കാനാകുക എന്ന് ഖാർഗെ ചോദിച്ചു. ഇവിടെ ഒരു ഭരണഘടനയുണ്ട്. ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ ഒരിക്കലും ഭരണഘടന അനുവദിക്കില്ല. എന്തിനാണ് പിത്രോദയുടെ ആശയങ്ങൾ ഞങ്ങളുടെ വായിൽ തിരുകുന്നതെന്നും ഖാർഗെ ചോദിച്ചു.

തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് സാം പിത്രോദ പ്രതികരിച്ചു. 'അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്‌സുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചു. കോൺഗ്രസിന്റെ പ്രകടനപത്രികയ്‌ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന കള്ളങ്ങൾ തുറന്നുകാട്ടുന്നതിനെ വഴിതിരിച്ചുവിടാൻ ഗോദി മീഡിയ തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു', അദ്ദേഹം പറഞ്ഞു. മംഗൾ സൂത്രയും സ്വർണവും കട്ടെടുക്കും എന്ന പ്രധാനമന്ത്രിയുടെ പ്രതികരണം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.