- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ പരിഹസിച്ച് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് പിൻവലിച്ചു
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് പിൻവലിച്ചു. ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നതാണ് പോസ്റ്റെന്ന് ബിജെപി ആരോപിച്ചതോടെയാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് പിൻവലിച്ചത്.
ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെയാണ് ട്രോൾ രൂപത്തിൽ എക്സിൽ പങ്കുവച്ചതാണ് വിവാദമായത്. 'ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു' എന്ന അടിക്കുറിപ്പോടെയായിരുന്നു കോൺഗ്രസ് പങ്കുവച്ചത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്.
പോസ്റ്റ് ആക്ഷേപഹാസ്യമാണെന്നും പ്രധാനമന്ത്രി മോദിയുടെ പബ്ലിക് റിലേഷൻസ് ശ്രമങ്ങൾ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വിടി ബൽറാം ന്യായീകരിച്ചു. താൻ സാധാരണ മനുഷ്യനല്ലെന്നും ദൈവം അയച്ചതാണെന്നും മോദി തന്നെ അവകാശപ്പെട്ടു. ഈ പ്രത്യേക ട്വീറ്റ് ആക്ഷേപഹാസ്യമാണെന്നും ബൽറാം പറഞ്ഞു.
പോസ്റ്റിനെ വിമർശിച്ച് കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ ആണെന്ന പരാമർശവുമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നത്. ദേശീയ നേതാക്കളെ അപമാനിക്കുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ മാർപാപ്പയേയും ക്രിസ്ത്യൻ സമൂഹത്തേയും പരിഹസിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രൻ എക്സിൽ പ്രതികരിച്ചു. സുരേന്ദ്രന് പിന്നാലെ മറ്റ് ബിജെപി നേതാക്കളും ട്രോളിനെതിരെ രംഗത്ത് വന്നു.
മതവികാരം വ്രണപ്പെടുത്തുന്ന ട്രോളാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനും വിഷയത്തിൽ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി ഐടി സെൽ ചുമതല വഹിക്കുന്ന അമിത് മാളവ്യയും ആവശ്യപ്പെട്ടു. 'ഹിന്ദുക്കളെ പരിഹസിക്കുകയും അവരുടെ വിശ്വാസത്തെ പരിഹസിക്കുകയും ചെയ്ത ശേഷം, കോൺഗ്രസിലെ ഇസ്ലാമിസ്റ്റ്-മാർക്സിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോൾ ക്രിസ്ത്യാനികളെ അപമാനിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഒരു കത്തോലിക്കാ വിശ്വാസിയും ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി വിശ്വാസികളോട് മാപ്പ് പറയണം'. മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു
ഇതേ തുടർന്നാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് പിൻവലിച്ച് വിശദീകരണം നൽകിയത്. ഒരു മതത്തേയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു പിടിച്ച് സൗഹാർദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും വിശദീകരണത്തിൽ പറയുന്നു.
"ക്രിസ്തുമത വിശ്വാസികൾ ദൈവതുല്യനായി കാണുന്ന മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ല. എന്നാൽ, സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്ര മോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ല." പോസ്റ്റ് പിൻവലിച്ചുള്ള വിശദീകരണത്തിൽ കോൺഗ്രസ് പറഞ്ഞു.