ബെംഗളൂരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട പുറപ്പെടുവിച്ചു. അറസറ്റ് തടയാൻ ലക്ഷ്യമിട്ട് യെദ്യുരപ്പ പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കും.

തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച യെദ്യൂരപ്പ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു. 17-കാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു യോഗത്തിനിടെ പെൺകുട്ടിയെ യെദ്യൂരപ്പ സ്വന്തം വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.

യെദ്യൂരപ്പയെ അറസ്റ്റ് ചെയ്‌തേക്കും

തനിക്കെതിരായ പരാതി ബി.എസ്. യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു. പരാതി താൻ നിയമപരമായി നേരിടുമെന്നും 81-കാരനായ യെദ്യൂരപ്പ പറഞ്ഞിരുന്നു. കർണാടകയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐ.ഡി) ആണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സിഐ.ഡി. നോട്ടീസ് അയച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ആവശ്യമെങ്കിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

'കേസിൽ ജൂൺ 15-ന് മുമ്പായി കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. അതിന് മുമ്പ് തന്നെ സിഐ.ഡി. കുറ്റപത്രം സമർപ്പിക്കും. അതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ അവർക്ക് പാലിക്കണം. അദ്ദേഹത്തിന്റെ മൊഴിയെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യണം. ഇതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണ്. സിഐ.ഡി. അത് ചെയ്യും.' -പരമേശ്വര പറഞ്ഞു.

അറസ്റ്റ് ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും അത് പറയേണ്ടത് താനല്ല, സിഐ.ഡിയാണെന്നും മന്ത്രി പറഞ്ഞു. ബിജെപി. പാർലമെന്ററി ബോർഡ് അംഗമായ യെദ്യൂരപ്പ നിലവിൽ ഡൽഹിയിലാണുള്ളത്.