ന്യൂഡൽഹി: സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടുമ്പോൾ കേന്ദ്ര സർക്കാർ നീക്കങ്ങളെ സംശയ നിഴലിൽ കാണുകയാണ് ഇടതു പാർട്ടികളും. കോൺഗ്രസിനൊപ്പം ഇടത് പാർട്ടികളുടെ അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിക്കുമോ എന്ന സംശയം സിപിഎമ്മിന് അടക്കമുണ്ട്. മൂന്ന് ദിവസത്തിനിടെ കോൺഗ്രസിന് ലഭിച്ചത് 3567.25 കോടിയുടെ നോട്ടീസാണ്. ഇതിനൊപ്പമാണ് ഇടതു പാർട്ടികൾക്ക് അടക്കം നോട്ടീസ് കിട്ടിയത്.

ഏഴു വർഷംമുമ്പ് സമർപ്പിച്ച കണക്കിൽ ഒരു ബാങ്ക് അക്കൗണ്ട് വിട്ടുപോയെന്ന പേരിലാണ് 15.59 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് സിപിഎമ്മിന് ലഭിച്ചത്. കേന്ദ്ര കമ്മിറ്റി പാർട്ടിയുടെ പൂർണമായ വരുമാനക്കണക്ക് നൽകിയിട്ടുണ്ട്. പാർട്ടി ഘടകങ്ങളുടെ നൂറുകണക്കിനു ബാങ്ക് അക്കൗണ്ടുകളിലൊന്ന് പട്ടികയിൽ വിട്ടുപോയത് സാങ്കേതികപ്പിഴവുമാത്രമാണെന്ന് സിപിഎം വിശദീകരിക്കുന്നു. ഈ ചെറിയ തെറ്റിനുള്ള നോട്ടീസാണ് സിപിഎമ്മിനേയും ആലോസരപ്പെടുത്തുന്നത്. കേരളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനൊപ്പമാണ് സിപിഎം ഡൽഹി ഓഫീസിനുള്ള ഐടി നോട്ടീസ്.

ആദായനികുതിവകുപ്പിന്റെ അന്യായ നടപടിക്കെതിരെ സിപിഐ എം നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പഴയ 'പാൻ കാർഡ്' ഉപയോഗിച്ചെന്ന് ആരോപിച്ചാണ് 11 കോടി രൂപ അടയ്ക്കാൻ സിപിഐക്ക് നോട്ടീസ് അയച്ചത്. ടിഎംസിക്ക് 72 മണിക്കൂറിനുള്ളിൽ 11 നോട്ടീസ് ലഭിച്ചു. അങ്ങനെ പ്രതിപക്ഷത്തെ എല്ലാ പാർട്ടികളേയും തേടി കേന്ദ്ര ഏജൻസിയുടെ നോട്ടീസ് എത്തുകയാണ്. നീതീകരണമില്ലാത്ത നീക്കമാണ് ആദായനികുതിവകുപ്പിന്റേതെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏഴു വർഷം കണക്കിൽപ്പെടാത്ത വരുമാനത്തിന് ബിജെപി 4600 കോടി രൂപ പിഴ നൽകാനുണ്ടെന്നും ഖാർഗെ ആരോപിച്ചു.

പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽനിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ താമസിച്ചതിന്റെയടക്കം പേരിൽ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയാണിത്. ജസ്റ്റിസുമാരായ ബി .വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കോൺഗ്രസ് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഈ ഹർജിയെ സിപിഎം അടക്കം പ്രതീക്ഷയോടെയാണ് കാണുന്നത്.

സീതാറാം കേസരി കോൺഗ്രസ് ട്രഷററായിരുന്ന 1994-95 സാമ്പത്തിക വർഷത്തിലെ ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ് 2016-ൽ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിക്കൊപ്പം പുതുതായി ലഭിച്ച 135 കോടി പിടിച്ചെടുത്തതിനെതിരായ ഹർജിയും പരിഗണിക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. സമീപകാലത്ത് ലഭിച്ച എല്ലാ ആദായ നികുതി നോട്ടീസുകളും ഒരുമിച്ച് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിക്കാനാണ് കോൺഗ്രസ് നീക്കം. 1994-95 സാമ്പത്തിക വർഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാൻ കോൺഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു.

എന്നാൽ നോട്ടീസുകളെല്ലാം ഒരുമിച്ച് സുപ്രീം കോടതി കേൾക്കുന്നത് ആദായ നികുതി വകുപ്പ് എതിർക്കും. എതിർപ്പ് നാളെ സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഓരോ നോട്ടീസുകളും വ്യത്യസ്തമാണ്. അതിനാൽ ഒരുമിച്ച് ഇവ കേൾക്കരുത് എന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യം. നോട്ടീസ് ചോദ്യംചെയ്ത് ആദായനികുതി വകുപ്പ് കമ്മീഷണർക്കാണ് ആദ്യം അപ്പീൽ നൽകേണ്ടത്. അതല്ലാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും.