ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.

കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു. മുൻ എംഎൽഎ റിച്ച്പാൽസിങ് മിർധ, വിജയ് പാൽ സിങ് മിർധ തുടങ്ങിയ ജാട്ട് നേതാക്കൾ ബിജെപിയിൽ ചേർന്നവരിൽപ്പെടുന്നു.

മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാൽ ഭൈരവ, മുൻ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് മുന്മന്ത്രി ഖിലാഡി ലാൽ ഭൈരവ പറഞ്ഞു.

കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, സംസ്ഥാന ഉപമുഖ്യമന്ത്രി ദിയാകുമാരി, ബിജെപി നേതാക്കളായ രാജേന്ദ്ര റാത്തോർ, അൽക ഗുർജാർ, വിജയ രഹാത്കർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.