- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആനന്ദബോസിനെ അയച്ചത് മമതയുമായി മമത വേണമെന്ന് ഉറച്ച്; അവസരം ഭാഗികമായി ഉപയോഗിച്ചു മമതയും; ഗവർണറുമായുള്ള ബന്ധം മധുരമായി തുടരാൻ രാജ്ഭവനിലേക്ക് രസഗുള അയച്ചു വാത്സല്യം കാണിച്ചു മമത ബാനർജി; ബംഗാളിൽ പുതിയൊരു ബന്ധത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ കരുത്ത് ശരിക്കും തിരിച്ചറഞ്ഞവരാണ് ബിജെപി കേന്ദ്ര നേതൃത്വം. കഴിഞ്ഞ തവണ അധികാരം പിടിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം ബംഗാളിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ അന്വേഷണ ഏജൻസികൾ ബംഗാളിലെ മന്ത്രിമാരുടെ ഓഫീസുകളിൽ കയറിയിറങ്ങി. മുൻ ഗവർണറുമായി കലഹവും പതിവായി. ഇതിനെല്ലാം ഒടുവിൽ ഇരുകൂട്ടരും തമ്മിൽ അനുരഞ്ജനത്തിന്റെ വഴിയിലേക്കാണ് നീങ്ങുന്നത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. ബംഗാൾ ഗവർണറായി സൗമ്യനായ സി വി ആനന്ദബോസിനെ നിയമിച്ചു കൊണ്ട് കേന്ദ്രസർക്കാർ തന്നെ ഇതിന് തുടക്കമിടുകയാണ്. പുതിയ ഗവർണറുടെ സ്ഥാനാരോഹണ ചടങ്ങിൽ നിറഞ്ഞ മനസ്സോടെ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തതും ശ്രദ്ധേയമായി.
ആനന്ദബോസുമായി അനുരജ്ഞനത്തിലൂടെ പോകാനാണ് ബിജെപിക്ക് താൽപ്പര്യമെന്നാണ് വ്യക്തമാകുന്ന കാര്യം. ബംഗാൾ ഗവർണർ പദവിയിൽ സി.വി.ആനന്ദബോസിനു മധുരമുള്ള തുടക്കമാണ് ഉണ്ടായിരിക്കുന്നതും. രാജ്ഭവനിലേക്കു രസഗുള അയച്ചാണ് മുഖ്യമന്ത്രി മമത ബാനർജി പുതിയ ഗവർണറെ വരവേറ്റത്. വിമാനത്താവളത്തിൽ എത്തിയപ്പോൾ കൊൽക്കത്ത മേയറായിരുന്നു സ്വീകരണം. സർക്കാർ ഗവർണർ പോര് കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലേതിനെക്കാൾ രൂക്ഷമായിരുന്ന ബംഗാളിൽ ഇതു വേറിട്ട കാഴ്ചയായി. ഇത് പുതുവഴി മമതയും തേടുന്നു എന്നതിന്റെ സൂചനയായി.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ മുൻപാകെ സത്യവാചകം ചൊല്ലിയാണ് ആനന്ദബോസ് ചുമതലയേറ്റത്. മുഖ്യമന്ത്രി, മന്ത്രിമാർ, മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആനന്ദബോസിന്റെ ഭാര്യയും മകനും കേരളത്തിൽനിന്ന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കളും ചടങ്ങിനെത്തിയിരുന്നു.
മണിപ്പുർ ഗവർണർ ലാ ഗണേശനിൽനിന്നാണ് ആനന്ദബോസ് ചുമതല ഏറ്റെടുത്തത്. ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായപ്പോഴാണ് ലാ ഗണേശന് ബംഗാളിന്റെ അധികച്ചുമതല നൽകിയത്. 1977 കേരള കേഡർ ഐഎ എസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ് മുൻപ് കൊൽക്കത്ത നാഷനൽ മ്യൂസിയത്തിൽ അഡ്‌മിനിസ്‌ട്രേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസിലെത്തുന്നതിനു മുൻപ് എസ്‌ബിഐയിൽ ഓഫിസറായും കൊൽക്കത്തയിലുണ്ടായിരുന്നു.
അതിനിടെ ആനന്ദബോസ് ചുമതലയേൽക്കുന്ന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിട്ടുനിന്നു. ബിജെപി ടിക്കറ്റിൽ ജയിച്ചശേഷം തൃണമൂൽ കോൺഗ്രസിലേക്കു മാറിയ രണ്ട് എംഎൽഎമാർക്കൊപ്പമാണ് ഇരിപ്പിടമൊരുക്കിയതെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. പുതിയ ഗവർണറെ അഭിനന്ദിച്ച പ്രതിപക്ഷനേതാവ് അനുമതി ലഭിച്ചാലുടൻ അദ്ദേഹത്തെ നേരിട്ടുകാണുമെന്നും പറഞ്ഞു. അതേസമയം, ചടങ്ങിൽ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസിനോടു മമത കാട്ടിയ ആദരം ശ്രദ്ധേയമായി. രണ്ടാംനിരയിലായിരുന്ന ബിമൻ ബോസിനെ മമത മുൻനിരയിലേക്കു വിളിച്ചിരുത്തി. മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് ആനന്ദബോസിന്റെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ൽ ബിജെപിയിൽ ചേർന്നിരുന്നു. 2010 മുതൽ 2014 വരെ ബംഗാൾ ഗവർണറായിരുന്ന എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.
1951 ജനുവരി രണ്ടിന് കോട്ടയം മാന്നാനത്താണ് ജനനം. ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എൻ ഉൾപ്പെടെയുള്ള വിവിധ അന്തർദേശീയ സംഘടനകളിൽ ഉപദേഷ്ടാവായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവൻ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ