കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമതാ ബാനർജി സർക്കാരിനെതിരെ കേന്ദ്രത്തിന് ഗവർണർ സിവി ആനന്ദബോസ് റിപ്പോർട്ട് നൽകിയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഒടുവിൽ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ നടത്തിയ നീക്കത്തേയും ഗൗരവത്തോടെയാണ് കാണുന്നത്.

രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെയുള്ള അന്വേഷണമോ കേസുകളോ നിലനിൽക്കില്ലെന്ന് ഭരണഘടന വ്യവസ്ഥകളും സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് അറ്റോണി ജനറൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ദ്ധർ വ്യക്തമാക്കിയപ്പോഴാണ് അപവാദപ്രചാരണങ്ങളുടെ മുനയൊടിയുന്നു എന്നു മനസ്സിലാക്കിയ മമത ബനേർജീ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുത്ത് തടിതപ്പാൻ നീക്കമാരംഭിച്ചത്. അതുമിപ്പോൾ അവരെ തിരിഞ്ഞുകൊത്തുകയാണ്. ടി.എം സി കുടുംബാംഗമായ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് രാജ്ഭവനിലെ സാധാരണ ജീവനക്കാർക്കെതിരെ പൊലീസിൽ നൽകിയത് വ്യാജ പരാതിയാണെന്നാണ് ആരോപണം. സഹപ്രവർത്തകർ തന്നെ തടഞ്ഞു വച്ചു, മർദ്ദിച്ചു, ടെലിഫോൺ തല്ലിപൊട്ടിച്ചു എന്നൊക്കെയാണ് പരാതി. ഇത് രാജ്ഭവനിലെ സാധാരണ ജീവനക്കാരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കയാണ്. ഇതിനെ നിയമപരമായി നേരിടാൻ അറ്റോണി ജനറൽ നിർദ്ദേശം നല്കികഴിഞ്ഞു .

സന്ദേശ്ഖലിയിലെ ഗൂണ്ടാരാജ് അവസാനിപ്പിച്ച് സ്ഥലത്തെ പ്രധാന ഗൂണ്ടായായ തൃണമൂൽ നേതാവ് ഷാജഹാൻ ഷേഖിനെ ആറസ്റ്റ് ചെയിക്കാൻ ഗവർണർ അനന്ദബോസ് നടത്തിയ ശക്തവും തന്ത്രപരവുമായ നീക്കങ്ങൾ മമതയെ ഞെട്ടിച്ചു. അവിടെ സ്ത്രീകളുടെ വോട്ട് ബാങ്ക് മമതയ്‌ക്കെതിരായി മാറി. ഇതിന്റെ ആഘാതം നിമിത്തമാണ് മമത ഗവർണർക്കെതിരെ തിരിഞ്ഞതെന്നാണ് വിലയിരുത്തൽ.

ഏതാനും മാസം മുമ്പ് ഒരു ടീ എം സി നേതാവ് ഗവർണർക്കെതിരെ ഒരു ആരോപണം ഉന്നയിച്ചപ്പോൾ ഈ മൂന്നാംതരം അടവ് മാന്യനായ ഈ ഗവർണറോട് വേണ്ട എന്നു വിലക്കിയത് മമതയാണ് എന്ന വിലയിരുത്തലും സജീവമായിരുന്നു . നേതാവിനെ രാജ്ഭവനിലേക്ക് അയച്ച് അവർ ഗവർണറോട് ക്ഷമ പറയിപ്പിക്കുകയും ചെയ്തു . എന്നാൽ സന്ദേശ്ഖലീ സംഭവത്തിന് ശേഷം മമത തന്നെ ആ ആരോപണം പൊടിതട്ടി എടുത്ത് ഗവർണറെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയായിരുന്നു.

എത്ര സമ്മർദ്ദമുണ്ടായാലും ബംഗാളിൽ അഴിമതിക്കും അക്രമത്തിനും എതിരെയുള്ള നടപടികൾ തുടരൂകതന്നെ ചെയ്യും എന്നു ഗവർണർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി ആരോപണത്തിന് വിധേയരായ രണ്ടു മന്ത്രിമാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി അവരെ ജയിലിലാക്കിയ ഗവർണർ മറ്റ് ചില മന്ത്രിമാരുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ ഗൗരവമായി പരിശോധിച്ചു വരികയാണ്.

ഗവർണരുടെ മേൽ ചെളി വാരിയേറിയുന്ന മമതയുടെ പ്രതികാരശൈലിക്കെതിരെ ബംഗാളിലെ മറ്റുരാഷ്ട്രീയപാർട്ടി നേതാക്കളും പൗരസംഘടനകളും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഗവർണർക്ക് അനുകൂലമായ പരസ്യനിലപാട് വ്യക്തമാക്കിയിട്ടുണ്ട് . സിപിഎം ഈസ്റ്റ് മിഡ്‌നാപൂർ സെക്രട്ടറി നിരഞ്ജൻ സിഹി ഗവർണർക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തി .

പരാതിക്കാരിയുടെ അമ്മ ടി എം .സിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്. കോൺഗ്രസ്സിന്റെ സമുന്നത നേതാവ് അധീർ രഞ്ജൻ ചൗധരി ഗവർണർക്കെതിരെ പ്രതികരിക്കാൻ തനിക്കാവില്ലെന്നു പരസ്യമായി പറഞ്ഞു . മുൻ മേഘാലയ ഗവർണർ തഥാഗത റോയ് "കളങ്കമറ്റ വ്യക്തിത്വമുള്ള ഈ ഗവർണറെ അപമാനീക്കുന്നത് മമതയുടെ രാഷ്ട്രീയ ജീർണ്ണതയാണ്" എന്നു വ്യക്തമാക്കി .