- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല; പൊതു ഇടമാണ്; പോകുന്നതിൽ തെറ്റെന്ത്? ഡി കെ ശിവകുമാർ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്ന നിലപാടുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തിൽ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പ്രതികരിച്ചു.
കർണാടക സർക്കാർ ഹിന്ദു വികാരങ്ങളെ മാനിക്കുന്നവരാണെന്നും ശിവകുമാർ പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം നടക്കുമ്പോൾ കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ ഉത്തരവിട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ എല്ലാവരും ഹിന്ദുക്കളാണ്. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ വികാരത്തെ മാനിക്കണം. വിഷയത്തിൽ എ.ഐ.സി.സി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സംരക്ഷിക്കാൻ കർണാടക സർക്കാർ ബാധ്യസ്ഥരാണ് - അദ്ദേഹം പറഞ്ഞു.
ബിൽകിസ് ബാനു കേസിൽ കോടതി വിധിയിൽ പ്രതികരിക്കാനില്ല. ജുഡീഷ്യറി തീരുമാനിക്കുന്ന കാര്യങ്ങൾ എല്ലാവരും അംഗീകരിക്കണം. വിധിയെ ബഹുമാനിക്കണം. കൂടുതലൊന്നും പറയാനില്ലെന്നും ശിവകുമാർ പറഞ്ഞു. നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത് ഹിന്ദി ഹൃദയഭൂമിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു അഭ്യൂഹം പരന്നത്. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് ഇതുവരെയും ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോൾ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ മുതിർന്ന മന്ത്രിമാരുടെ ആറംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചത് സംസ്ഥാനത്തെ രാഷ്ട്രീയത്തെ കലുഷിതമാക്കുന്നുണ്ട്. മന്ത്രിമാരായ ഡോ ജി പരമേശ്വര, ഡോ എച്ച് സി മഹാദേവപ്പ, കെ എച്ച് മുനിയപ്പ, ദിനേശ് ഗുണ്ടു റാവു, കെ എൻ രാജണ്ണ, സതീഷ് ജാർക്കിഹോളി എന്നിവർ വ്യാഴാഴ്ച ഒരു മണിക്കൂറോളം രഹസ്യ ചർച്ച നടത്തി.
ഇതിൽ പരമേശ്വരയും സതീഷും മുനിയപ്പയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. "ഞങ്ങൾ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി, ഉചിതമായ സമയത്ത് അവ വെളിപ്പെടുത്തും. ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ കാണും, ' സഹകരണ മന്ത്രി രാജണ്ണ വെള്ളിയാഴ്ച വിധാൻ സൗധയിൽ പറഞ്ഞു.
കർണാടകയിൽ ഒരു ഉപമുഖ്യമന്ത്രിക്ക് പകരം മൂന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്ന തന്റെ ആവശ്യം രാജണ്ണ ശനിയാഴ്ചയും ആവർത്തിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാൻ സമുദായങ്ങൾക്ക് പ്രാതിനിധ്യം നൽകാൻ മൂന്ന് ഉപമുഖ്യമന്ത്രിമാരെകൂടി നിയമിക്കണം എന്നതാണ് രാജണ്ണ മുന്നോട്ടു വെക്കുന്നത്.
"ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഹൈക്കമാൻഡിന് മാത്രമേ കഴിയൂ. എനിക്ക് അതിന് ഉത്തരം നൽകാൻ കഴിയില്ല". രാജണ്ണയുടെ നിർദ്ദേശത്തോട് പ്രതികരിച്ചുകൊണ്ട് ഇന്നലെ സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചിരുന്നു. കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം ശക്തമാണ്.