ബെംഗളൂരു: തെലങ്കാനയിൽ സർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസ് നേതാക്കളെ റാഞ്ചാൻ ഭാരത് രാഷ്ട്ര സമിതി തലവനും, മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ശ്രമിച്ചെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആരോപിച്ചു. ഇക്കാര്യം കോൺഗ്രസ് സ്ഥാനാർത്ഥികൾ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചെന്നാണ് ശിവകുമാർ വെളിപ്പെടുത്തിയത്.

' ബിആർഎസ് ഞങ്ങളെ കുടുക്കാൻ നോക്കുകയാണെന്ന് ഞങ്ങൾക്കറിയാം. കെ സി ആർ തന്നെ തങ്ങളെ സമീപിച്ചതായി ഞങ്ങളുടെ സ്ഥാനാർത്ഥികൾ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം കിട്ടും', ഡി കെ ശിവകുമാർ പറഞ്ഞു. ' തെലങ്കാനയിലെ മുഴുവൻ ടീമും കർണാടക തിരഞ്ഞെടുപ്പ് കാലത്ത് ഇവിടുണ്ടായിരുന്നു. അതുകൊണ്ട് ഞാനും അവിടേക്ക് പോകുകയാണ്. ഫലപ്രഖ്യാപനത്തിന് ശേഷം എന്തുസംഭവിക്കുമെന്ന് നോക്കാം. അവിടെ പ്രശ്‌നമോ, ഭീഷണിയോ ഇല്ല. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ ജയിക്കും,' ശിവകുമാർ പറഞ്ഞു.

നേരത്തെ കോൺഗ്രസിൽ ചേരാനുള്ള താൽപര്യം അറിയിച്ച് നിരവധി ബി.ആർ.എസ് നേതാക്കൾ വിളിച്ചുവെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി പറഞ്ഞിരുന്നു. കഴിഞ്ഞ തവണ തങ്ങളുടെ 12 എംഎ‍ൽഎമാരെയാണ് ബി.ആർ.എസ് കൊണ്ടുപോയത്. എന്നാൽ, ഇത്തവണ അവരുടെ നേതാക്കളെ നഷ്ടപ്പെടാതിരിക്കാൻ അവർ ശ്രദ്ധിക്കണമെന്നും രേണുക ചൗധരി പറഞ്ഞു.

എക്‌സിറ്റ് പോൾഫലപ്രകാരം തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നാണ് പ്രവചനം. 10 വർഷത്തെ ഭരണത്തിന് ശേഷം ബിആർഎസിന് ഭൂരിപക്ഷം നഷ്ടമാകുമെന്നും പോളുകളിൽ പറയുന്നു. കോൺഗ്രസിന്റെ വോട്ടുവിഹിതം 42 ശതമാനമായി ഉയരുമ്പോൾ, ബിആർഎസിന്റേത് 36 ശതമാനമായി കുറയും. ബിജെപിക്ക് 14 ശതമാനം വോട്ടുവിഹിതം കിട്ടുമെന്നും എക്‌സിറ്റ് പോളുകളിൽ പറയുന്നു.

119 അംഗ നിയമസഭയിലേക്ക നടന്ന തിരഞ്ഞെടുപ്പിൽ 71.34 ശതമാനമായിരുന്നു പോളിങ് ശതമാനം. 2018 ൽ ബിആർഎസ് 88 സീറ്റ് നേടുകയും, 47.4 വോട്ടുവിഹിതം സ്വന്തമാക്കുകയും ചെയ്തു. കോൺഗ്രസിന് അന്ന് 19 സീറ്റ് മാത്രമാണ് കിട്ടിയത്.