- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14-ാം വയസ്സിൽ മാവോയിസ്റ്റായി തോക്കെടുത്തു; ഭർത്താവും സഹോദരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; നക്സലിസം ഉപേക്ഷിച്ച അഭിഭാഷക; 51-ാം വയസ്സിൽ ഡോക്ടറേറ്റ്; കോവിഡ് കാലത്ത് തലച്ചുമടയായി കാട്ടിൽ ഭക്ഷണമെത്തിച്ച എംഎൽഎ; 'തെലങ്കാനയുടെ ഫുലൻദേവി' സീതാക്ക ഇനി മന്ത്രി
ഹൈദരബാദ്: ഇന്നലെ ഹൈദരബാദിലെ എൽബി സ്റ്റേഡിയത്തിൽ ജനസാഗരത്തെ സാക്ഷിയാക്കി, കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ, ഏറ്റവും കൂടുതൽ കൈയടി കിട്ടിയത്, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കോ, ഉപമുഖ്യമന്ത്രി ഭട്ടി വിക്രാമാക്കക്കോ അയിരുന്നില്ല. സീതാക്ക എന്ന തെലുങ്കാനക്കാർ സ്നേഹപൂർവം വിളിക്കുന്ന, ദനസരി അനസൂയ എന്ന വനിതാ നേതാവിനാണ്. ജനങ്ങളുടെ ആർപ്പുവിളികൾ മൂലം അവർ സത്യവാചകം ചൊല്ലുന്നതുപോലും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം ,ഗവർണ്ണർക്ക് തന്നെ ജനങ്ങളോട് ശാന്തമാകാൻ അഭർത്ഥിക്കേണ്ടി വന്നു. സത്യപ്രതിഞ്ജക്ക് ശേഷം രാഹുൽ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും കൈപിടിച്ചപ്പോഴും കാതടിപ്പിക്കുന്ന കൈയടിയായിരുന്നു. ഒരു സംശയവും വേണ്ട, ഈ 52കാരിതന്നെയാണ് തെലങ്കാനയിലെ എറ്റവും ജനപ്രിയ നേതാവ്.
മന്ത്രിയായ സീതാക്കയെ പൊലീസ് സല്യൂട്ട് ചെയ്യുമ്പോൾ അത് ചരിത്രത്തിന്റെ കാവ്യനീതികൂടിയാവുകയാണ്. തെലങ്കാനയുടെ ഫൂലൻദേവി എന്ന് വിളിക്കുന്ന സീതാക്ക നേരത്തെ നക്സൽ ആയിരുന്നു. അന്ന് പടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പൊലീസ് അവരുടെ കുടുംബത്തിന് നേരെ നടത്തിയ അതിക്രമങ്ങൾക്ക് കൈയും കണക്കുമില്ല. ഭർത്താവിന്റെയും ഒരു സഹോദരരെയും പൊലീസുമായുള്ള ഏറ്റമുട്ടലിൽ നഷ്ടപ്പെട്ടു. ഇപ്പോൾ തോക്ക് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലറങ്ങി, മന്ത്രിയായ സീതാക്കായെ അതേപൊലീസ് തന്നെ സല്യൂട്ട് ചെയ്യുന്നു.
തോക്കേടുത്ത് പോരാടിയ മാവോയിസ്റ്റ്
തെലങ്കാനയിലെ പ്രമുഖ ഗോത്രവർഗമായ കോയ ഗോത്രത്തിൽ 1971 ജൂലൈ ഒൻപതിനാണ് സീതാക്കയുടെ ജനനം. കൗമാരത്തിൽ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. അക്കാലത്ത് കർഷകരും, ആദിവാസികളും കടുത്ത ചൂഷണത്തിന് വിധേയരായിരുന്നു. ജനങ്ങളുടെ ആ ദയയീയ അവസ്ഥ തന്നെയാണ് നക്സലിസത്തിലേക്ക് അവരെ അടുപ്പിച്ചത്. താൻപോലും അറിയാതെയാണ് താൻ മാവോയിസ്റ്റ് ആയതെന്നാണ് സീതാക്ക പിന്നീട് പറഞ്ഞത്.
പതിന്നാലാം വയസ്സിൽ സ്കൂൾ പഠനകാലത്ത് ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗമായി. 14 കൊല്ലത്തിനു ശേഷം അതിൽനിന്ന് പുറത്തുവന്നു. ഈ കാലയളവിൽ തോക്കെടുത്തുള്ള നിരവധി പോരാട്ടങ്ങൾ ഉണ്ടായി. ഒരു ഘട്ടത്തിൽ അവർ തെലങ്കാനയുടെ ഫൂലൻദേവി എന്ന പേരിൽപ്പോലും അറിയപ്പെട്ടു. ഭർത്താവിനെയും സഹോദരനെയും ഈ ഏറ്റമുട്ടലിൽ അവർക്ക് നഷ്ടമായി.
പിന്നെ കുറേക്കഴിഞ്ഞപ്പോഴാണ് ഈ സായുധ പോരാട്ടത്തിന്റെ നിഷ്ഫലത അവർക്ക് ബോധ്യമായത്. അങ്ങനെ ആയുധം താഴെവെച്ചു. തുടർന്ന് സജീവരാഷ്ട്രീയത്തിൽ പ്രവേശിച്ച സീതാക്ക 2009-ലാണ് ആദ്യം എംഎൽഎ. ആകുന്നത്, ടി.ഡി.പിയുടെ ടിക്കറ്റിൽ. മുൻപ് 2004-ൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2014-ൽ വീണ്ടും മത്സരിച്ചെങ്കിലും ബിആർഎസ് (അന്നത്തെ ടിആർഎസ്.) സ്ഥാനാർത്ഥി അസ്മീര ചന്തുലാലിനോട് പരാജയപ്പെട്ടു. 2017-ൽ ടിഡിപി. വിട്ട സീതാക്ക കോൺഗ്രസിൽ ചേരുകയും ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാവുകയും ചെയ്തു. 2018-ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സീതാക്ക, 2023-ലും വിജയം ആവർത്തിക്കുകയായിരുന്നു.
ജനപ്രിയയായത് കോവിഡ് കാലത്ത്
പക്ഷേ സീതാക്ക തെലങ്കാനയുടെ ഹൃദയം കീഴടക്കിയത് കോവിഡ് കാലത്തായിരുന്നു. അപ്പോൾ കാടിനുള്ളിലൂടെ ദീർഘദൂരം നടന്ന് ആദിവാസി കുടുംബങ്ങൾക്ക് സീതാക്ക ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകിയിരുന്നു. തന്റെ മണ്ഡലത്തിൽ ഉൾക്കാടുകളിൽ ജീവിക്കുന്നവർക്കായി അവശ്യവസ്തുക്കൾ ട്രാക്ടറിൽ കയറ്റി എത്തിച്ചുകൊടുക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. ഗ്രാമങ്ങൾ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്തിരുന്നതിനാൽ വസ്തുക്കൾ, സ്വന്തം ചുമലിലേറ്റി പോലും സീതാക്ക എത്തിച്ചു നൽകിതിന്റെ വീഡിയോ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടത് വൈറൽ ആയിരുന്നു.
നക്സലൈറ്റ് പ്രവർത്തനത്തിൽനിന്ന് പുറത്തുവന്നതോടെ അവർ നിയമപഠനത്തിലേക്കും കടന്നു. അവർ വരാംഗൽ കോടതിയിൽ വക്കീലായി പാവങ്ങളുടെ കേസുകൾ വാദിച്ചു. പക്ഷേ പിന്നെയും അവർ പഠിച്ചുകൊണ്ടിരുന്നു. 2022-ൽ 51-ാം വയസ്സിൽ പൊളിറ്റിക്കൽ സയൻസിൽ ഒസ്മാനിയ സർവകലാശാലയിൽനിന്ന് അവർ ഡോക്ടറേറ്റ് നേടി. താൻ ഉൾപ്പെടുന്ന കോയ ഗോത്രത്തിന്റെ പിന്നാക്കാവസ്ഥയെ ആസ്പദമാക്കിയായിരുന്നു സീതാക്കയുടെ ഗവേഷണം.
പി.എച്ച്.ഡി. നേടിയതിന് പിന്നാലെ എക്സിൽ സീതാക്ക കുറിച്ചത് ഇങ്ങനെ ആയിരുന്നു; -''കുട്ടിക്കാലത്ത് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ഞാൻ ഒരു നക്സലൈറ്റ് ആകുമെന്ന്. നക്സലൈറ്റ് ആയിരുന്നപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല അഭിഭാഷകയാകുമെന്ന്. അഭിഭാഷക ആയപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല എംഎൽഎ. ആകുമെന്ന്. എംഎൽഎ ആയപ്പോൾ ഒരിക്കലും കരുതിയില്ല പിഎച്ച്ഡി. ചെയ്യുമെന്ന്. ഇപ്പോൾ നിങ്ങൾക്കെന്നെ വിളിക്കാം, ഡോ. അനസൂയ സീതാക്ക, പിഎച്ച്ഡി ഇൻ പൊളിറ്റിക്കൽ സയൻസ്''.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ