ന്യൂഡൽഹി: ലോക്‌സഭയിലെ ബിഎസ്‌പി എംപി ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് സസപെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് കാരണമായി പറഞ്ഞിരിക്കുന്നത്. പാർട്ടിയുടെ അച്ചടക്കത്തിനും, പ്രത്യയശാസ്ത്രത്തിനും നയങ്ങൾക്കും എതിരെ പ്രസ്താവനകളോ നടപടികളെ സ്വീകരിക്കരുതെന്ന് ഡാനിഷ് അലിക്ക പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ആരോപണം.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപി പാർട്ടി വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥനാണ്. മാസങ്ങൾക്ക് മുമ്പ് ഡാനിഷ് അലിയെ ലോക്‌സഭയിൽ ബിജെപി. എംപി. രമേഷ് ബിധുരി വർഗീയ പരാമർശങ്ങൾ നടത്തി അപമാനിച്ചിരുന്നു. സംഭവത്തിൽ ബിഎസ്‌പിയോ പാർട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.

ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്സഭയിൽ നടക്കുന്നതിനിടയാണ് ബിധുരി ഡാനിഷ് അലിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. വിഷയത്തിൽ നിരവധി പ്രതിപക്ഷ എംപിമാർ ബിധുരിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ കഴിഞ്ഞ ദിവസം രമേഷ് ബിധുരി പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് മുന്നിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബിഎസ്‌പി അധ്യക്ഷ മായാവതിയുമായി നല്ല ബന്ധത്തിലല്ലാത്ത ഡാനിഷ് അലി കോൺഗ്രസിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ബിഎസ്‌പി 'ഇന്ത്യ' സഖ്യത്തിൽ ചേർന്ന് ബിജെപി സർക്കാരിനെതിരേ പ്രവർത്തിക്കണമെന്ന നിലപാടാണ് ഡാനിഷ് അലിക്ക്. എന്നാൽ, ഇന്ത്യ സഖ്യത്തിലേക്കില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്.

നിലവിൽ യു.പി.യിലെ അമ്രോഹ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമാണ് ഡാനിഷ് അലി. ജനതാദൾ സെക്കുലറിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഡാനിഷ് അലി 2019 ലാണ് ദേവഗൗഡയുടെ അനുഗ്രഹാശിശ്ശുകളോടെ ബിഎസ്‌പിയിൽ ചേർന്നത്. ആറുദിവസത്തിന് ശേഷം ഡാനിഷിന്റെ പേര് അമ്രോഹയിൽ പ്രഖ്യാപിച്ചു. ബിജെപിയിലെ കൻവാർ സിങ് തവൻവറിനെ 63,000 ത്തോളം വോട്ടുകൾക്കാണ് ഡാനിഷ് അലി ജയിച്ചത്.