ന്യൂഡൽഹി: ജയിലിൽ കിടന്ന് മുഖ്യമന്ത്രി ഭരണം നടത്തുന്നത് ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ശക്തമാക്കാൻ ബിജെപി. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ലഫ്റ്റനന്റ് ഗവർണർ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ നൽകും.

ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകർ വ്യക്തമാക്കുന്നത്. ബിജെപിക്ക് കിട്ടിയ ഇലക്ട്രൽ ബോണ്ടുകലെ ആ അർത്ഥത്തിൽ വ്യാഖ്യാനിക്കാനാകും ശ്രമിക്കുക. കെജ്രിവാളിന് കോടതി ജാമ്യം നൽകുമോ എന്നതും നിർണ്ണായകമാണണ്. കെജ്രിവാളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിലുമുണ്ട്. അതുകൊണ്ട് തന്നെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കെജ്രിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റും.

ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ വി. സക്സേന രംഗത്ത് വന്നിട്ടുണ്ട് അക്കാര്യം ജനങ്ങൾക്ക് ഉറപ്പുനൽകുന്നെന്ന് ഒരു സ്വകാര്യചാനലിന്റെ സംവാദ വേദിയിൽ അദ്ദേഹം പറഞ്ഞു. പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിലെ ഭരണകാര്യത്തിൽ പലപ്പോഴും കൊമ്പുകോർക്കാറുള്ള എ.എ.പി.യും ലെഫ്. ഗവർണറും തമ്മിൽ വീണ്ടും തുറന്ന പോരിലേക്ക് നീങ്ങുന്ന സൂചന നൽകുന്നതാണ് പുതിയ പ്രസ്താവന.

മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ അദ്ദേഹം ജയിലിലിരുന്ന് ഭരണം തുടരുമെന്നാണ് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചത്. കസ്റ്റഡിയിലിരുന്ന് കെജ്രിവാൾ നൽകിയ നിർദ്ദേശപ്രകാരം മന്ത്രിമാർ നടപടികളുമെടുക്കുന്നുണ്ട്. ജയിലിലെങ്കിലും മുഖ്യമന്ത്രിക്ക് ഭരിക്കാൻ തടസ്സമില്ലെന്നാണ് എ.എ.പി.യുടെ വാദം. എന്നാൽ, അതു നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി. ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസങ്ങളിൽ കെജ്രിവാൾ കസ്റ്റഡിയിൽനിന്നു നൽകിയെന്ന് പറയുന്ന ഉത്തരവുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഡൽഹി പൊലീസിന് പരാതി നൽകി. രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങലെത്തുമെന്നാണ് സൂചന.

അതിനിടെ കെജ്രിവാളിന്റെ അറസ്റ്റിൽ നിലപാട് ആവർത്തിച്ച് അമേരിക്ക രംഗത്ത് വന്നു. നിയമ നടപടികൾ സുതാര്യവും നിഷ്പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്കയുടെ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്. അമേരിക്കൻ പ്രസ്താവനയെ ഇന്ത്യ ഇനി കാര്യമായെടുക്കില്ല.

മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി. പ്രതിഷേധിച്ചു. മന്ത്രിമാരടക്കം നടുത്തളത്തിലിറങ്ങി കേന്ദ്രത്തിലെ ബിജെപി. സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചു. 'മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാളാണെ'ന്നഴുതിയ ടിഷർട്ട് ധരിച്ചാണ് ആം ആദ്മി എംഎ‍ൽഎ.മാരെത്തിയത്. ബഹളത്തെത്തുടർന്ന് സഭ ഏപ്രിൽ ഒന്നുവരെ പിരിഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭയ്ക്ക് പുറത്ത് ബിജെപി.യും പ്രതിഷേധിച്ചു.

കെജ്രിവാളിന്റെ അറസ്റ്റിനുപിന്നാലെ പ്രഖ്യാപിച്ച മാർച്ച് 31-ലെ ഇന്ത്യ സഖ്യത്തിന്റെ മഹാറാലി പ്രതിപക്ഷത്തിന്റെ ഐക്യവേദിയായി മാറും. ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന റാലിക്കായി കോൺഗ്രസും ആം ആദ്മി പാർട്ടിയും തയ്യാറെടുപ്പുകൾ നടത്തിവരുകയാണ്.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)