ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ, ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഒടുവിൽ തിരിച്ചടി. ഫെബ്രുവരി 17 ന് ഹാജരായി അഞ്ച് സമൻസ് അയച്ചിട്ടും ഒഴിഞ്ഞുമാറിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു.ഡൽഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചത്.

കോടതി വിധി പഠിക്കുകയാണെന്നും നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും എ എ പി പ്രതികരിച്ചു. ഇഡിയുടെ സമൻസ് അനധികൃതമെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പാർട്ടി അറിയിച്ചു.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി അരവിന്ദ് കെജ്രിവാളിന് അഞ്ച് തവണയാണ് നോട്ടീസയച്ചത്. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു അവസാനം നോട്ടീസയച്ചത്. നവംബർ രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ആദ്യം നോട്ടീസയച്ചത്. തുടർന്ന് ഡിസംബർ 21, ജനുവരി 19, ജനുവരി 31 തീയതികളിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസയച്ചു. പ്രതികരിക്കാതായതോടെയാണ് അഞ്ചാമത്തെ നോട്ടീസ് നൽകിയത്.

ബിജെപിയിൽ ചേർന്നാൽ വെറുതെ വിടാമെന്ന് തനിക്കും വാഗ്ദാനം വന്നിട്ടുണ്ടെന്നും, വഴങ്ങില്ലെന്നും കെജ്രിവാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ പാർട്ടി എം എൽ എമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്‌തെന്ന് കെജ്രിവാൾ നേരത്തേ ആരോപണമുന്നയിച്ചിരുന്നു.