- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിവരം. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പും രാജിക്കു കാരണമായി. രാജിക്കത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്ക്ക് കൈമാറി.
ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ലവ്ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ. ഡൽഹിക്ക് അപരിചിതരായ സ്ഥാനാർത്ഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.
പി.സി.സിയുടെ നിർദേശങ്ങൾ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപക് ബാബരിയ വീറ്റോചെയ്യുന്നുവെന്ന് ഖാർഗെക്ക് എഴുതിയ കത്തിൽ അർവിന്ദർ സിങ് ലവ്ലി ആരോപിച്ചു. ഡൽഹിയിൽ സഖ്യത്തിൽ കോൺഗ്രസിന് ലഭിച്ച മൂന്ന് സീറ്റുകളിൽ കനയ്യ കുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിലേയും ബിജെപി. വിട്ടെത്തിയ ഉദിത് രാജ് മത്സരിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിലേയും സ്ഥാനാർത്ഥികൾ തീർത്തും അപരിചിതരാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
സ്ഥാനാർത്ഥി നിർണയത്തിനെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം നിലനിന്ന സാഹചര്യത്തെ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി നോർത്ത് വെസ്റ്റ് ഡൽഹി സ്ഥാനാർത്ഥി കൂടുതൽ വഷളാക്കി. വാസ്തവവിരുദ്ധമായ അവകാശവാദങ്ങൾ നിരത്തി നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർത്ഥി ഡൽഹി മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു. ഇത് പ്രദേശിക പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമായെന്നും അരവിന്ദർ സിങ് ലവ്ലി കത്തിൽ ചൂണ്ടിക്കാട്ടി.
"കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നുവന്ന പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു" അരവിന്ദർ സിങ് തന്റെ രാജിക്കത്തിൽ കുറിച്ചു.
പാർട്ടി പ്രവർത്തകരുടെ താത്പര്യത്തെ സംരക്ഷിക്കാൻ കഴിയാതെ സ്ഥാനത്ത് തുടരുന്നതിൽ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലവ്ലി കത്ത് അവസാനിപ്പിക്കുന്നത്. ലാവ്‌ലി ബിജെപിയിൽ ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.